പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കും
പറപൂർ: തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബി.ജെ.പിയും സി.പി.എമ്മും ഹീനമായ രാഷ്ട്രീയ പ്രചരണം നടത്തിയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും കിറ്റുകളും കൈമാറാനുമുള്ള വ്യാപക ശ്രമങ്ങളാണ് നടക്കുന്നത്. പാലക്കാട് ബി.ജെ.പി പ്രവര്‍ത്തക അവരുടെ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തില്‍ പണം നല്‍കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടു. ബി.ജെ.പി വ്യാപകമായി സംസ്ഥാന വ്യാപകമായി വീടുകളിലെത്തി സാരിയും പണവും വിതരണം ചെയ്യുകയാണ്. കേരളത്തില്‍ ഇല്ലാത്ത പുതിയ ശീലത്തിനാണ് ബി.ജെ.പി തുടക്കം കുറിച്ചിരിക്കുന്നത്. ഹീനമായ രാഷ്ട്രീയ പ്രചരണമാണ് സി.പി.എം നടത്തുന്നത്. അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊലക്കേസില്‍ പ്രതിയാണെന്ന നോട്ടീസ് സി.പി.എം വിതരണം ചെയ്തു. അത്തരത്തില്‍ ഒരു കേസും അദ്ദേഹത്തിനെതിരെയില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് സ്ഥാനാര്‍ത്ഥി കൊലക്കേസിലെ പ്രതിയാണെന്ന തരത്തില്‍ സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളാണ് നോട്ടീസ് വിതരണം ചെയ്തത്. പറവൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കയ്പമംഗലം മണ്ഡലത്തിലെ ഒരു കമ്മിറ്റിയുടെ പേരില്‍ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുകയാണ്. 20 വര്‍ഷം മുന്‍പുള്ള പറവൂരിലെ ആശുപത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് നോട്ടീസ്. 52000 സ്‌ക്വയര്‍ ഫീറ്റിന്റെ കെട്ടിടമുള്ള ആശുപത്രിയിലാണ് കെട്ടിടം ഇല്ലെന്നു പറയുന്നത്. 18000 സ്‌ക്വയര്‍ ഫീറ്റ് കെട്ടടത്തിനുള്ള പണം അനുവദിച്ചിട്ടുണ്ട്. അതുകൂടി പൂര്‍ത്തിയായാല്‍ 70000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാകും. കേരളത്തിലെ തന്നെ എല്ലാ സൗകര്യങ്ങളുമുള്ള മൂന്നോ നാലോ ആശുപത്രികളില്‍ ഒന്നായി ആ ആശുപത്രി മാറും. 2018-ലെ പ്രളയകാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയ പടമാണ് മറ്റൊന്ന്. ആ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറാത്ത ഏത് സ്ഥലമാണ് പറവൂരിലുണ്ടായിരുന്നത്. ആ പടം കാണിച്ചാണ് ഇതാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് എന്ന് പറയുന്നത്. തെറ്റായ പ്രചരണങ്ങളിലൊന്നും ജനങ്ങള്‍ വീഴില്ല. എല്‍.ഡി.എഫിനും ബി.ജെ.പിക്കും എതിരെ അതിശക്തമായി ജനങ്ങള്‍ പ്രതികരിക്കും. യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്തൊക്കെ ചെയ്താലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി വിജയിക്കും. മണലൂരിലും കിറ്റ് നല്‍കാന്‍ ശ്രമമുണ്ടായി. എല്ലാവരും കലാശക്കൊട്ടിന് പോയപ്പോഴാണ് സാരി വിതരണം ചെയ്തത്.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിന് പകരം ഫെസിലിറ്റേഷന്‍ സെന്ററുകളാണ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെയാണ് ജീവനക്കാര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്ററിലെത്തി വോട്ട് ചെയ്യാന്‍ അവസരമുള്ളത്. എന്നാല്‍ പല സെന്ററുകളിലും ബാലറ്റ് പേപ്പര്‍ എത്തിയിട്ടില്ല. ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബാലറ്റ് അച്ചടിച്ച് വിതരണം ചെയ്യാതെ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള എല്ലാ ഉദ്യോഗസ്ഥരുടെ കയ്യിലും ബാലറ്റ് എത്തിയെന്ന് കമ്മിഷന്‍ ഉറപ്പാക്കണം. സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ജീവനക്കാര്‍ക്കുണ്ട്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ട് നില്‍ക്കരുത്. ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സമയം ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും. തെറ്റ് തിരുത്താന്‍ കമ്മിഷന്‍ തയാറാകണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം അതത് മണ്ഡലങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കണം.