കൊച്ചി: വായനാദിനത്തോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ജെൻഡർ വികസന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 102 സി.ഡി.എസ്. തലത്തിലും സ്നേഹിത @ സ്കൂളുകളിലും വായനാ വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ജെൻഡർ വാർഷിക കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തീം ബേസ്ഡ് ആക്ടിവിറ്റികളുടെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ജൂൺ 19 മുതൽ 26 വരെ നടക്കുന്ന അർദ്ധദിന പരിപാടികളിലൂടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്നേഹിത, ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനങ്ങളുടെ വ്യാപക പ്രചരണവും ലക്ഷ്യമിടുന്നു. വായനാദിന പ്രത്യേക ക്വിസ്, വായനാമത്സരങ്ങൾ, വേർഡ് ഹണ്ട്, അയൽക്കൂട്ട-ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് ലൈബ്രറി അംഗത്വം ഉറപ്പാക്കൽ തുടങ്ങിയ വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും.

വായനാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ‘സമവായന’ കവിതാസമാഹാരവും സി.ഡി.എസ്. തലത്തിൽ കൈമാറും. കവിതാസമാഹാരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച അംഗങ്ങളെ പ്രത്യേക ചടങ്ങിൽ ക്ഷണിച്ച് ആദരിക്കുകയും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. ഓരോ സി.ഡി.എസ്. ലൈബ്രറിയിലും സമാഹാരത്തിന്റെ ഒരു കോപ്പി സ്ഥിരമായി സൂക്ഷിക്കും.
അങ്കമാലി, ആമ്പല്ലൂർ, ഇലഞ്ഞി, ഉദയംപേരൂർ, എടയ്ക്കാട്ടുവയൽ, എൻ. പറവൂർ, ഏഴിക്കര, കടമക്കുടി, കളമശ്ശേരി ഈസ്റ്റ്, കാഞ്ഞൂർ, കാലടി, കുന്നത്തുനാട്, കുഴുപ്പിള്ളി, കൊച്ചി ഈസ്റ്റ്, കൊച്ചി വെസ്റ്റ്, ചൂർണ്ണിക്കര, ചെങ്ങമനാട്, ചെല്ലാനം, ചേരാനല്ലൂർ, ഞാറക്കൽ, തൃക്കാക്കര ഈസ്റ്റ്, നായരമ്പലം, പമ്പാക്കുട, പാറക്കടവ്, പാലക്കുഴ, പിറവം, പുത്തൻവേലിക്കര, പെരുമ്പാവൂർ, മഞ്ഞപ്ര, മണീട്, മരട് വെസ്റ്റ്, മാറാടി, മുളന്തുരുത്തി, രാമമംഗലം, രായമംഗലം, വടക്കേക്കര, വരാപ്പുഴ, വാരപ്പെട്ടി, വാഴക്കുളം, വേങ്ങൂർ എന്നീ സി.ഡി.എസ്.കളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ രചനകളാണ് സമവായനയുടെ ആദ്യഘട്ട പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.