അഗത്തി: കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ പോകുന്ന മദ്യനയത്തില്‍ പ്രതിഷേധിച്ച് അഗത്തി മഹല്ല് ജമാഅത്ത് ഖാസിമാരുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. 'പുതിയ മദ്യനയത്തില്‍ നിന്നും പിന്‍മാറുക, ദ്വീപിന്റെ പൈതൃകം കാത്തുസൂക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധ പരിപാടിയില്‍ ദ്വീപിലെ വിവിധ മഹല്ല് ഖാസിമാര്‍, പൗരപ്രമുഖര്‍, രാഷ്ട്രീയസാംസ്‌കാരിക നേതാക്കള്‍, യുവാക്കള്‍ എന്നിവര്‍ പങ്കുചേര്‍ന്നു. പി പി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സ്റ്റേഡിയം ഗ്രൗണ്ടില്‍ അവസാനിച്ചു.
ടൂറിസം വികസനത്തിന് മദ്യം ആവശ്യമാണെങ്കില്‍ ലക്ഷദ്വീപിന് വേണ്ടത് ഇവിടുത്തെ ഇളനീരാണെന്ന് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത മഹല്ല് ജമാഅത്ത് ചെയര്‍മാന്‍ കെ സി അബ്ദുല്‍ ഖാദര്‍ സഖാഫി പറഞ്ഞു. മദ്യം ദ്വീപിന്റെ സമാധാനം തകര്‍ക്കും. സമാധാനമില്ലാത്തിടത്ത് ടൂറിസം നടക്കില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. താജുദ്ദീന്‍ ഫാറൂഖി സമരത്തിന് ആശംസ നേര്‍ന്നു. കണ്‍വീനര്‍ ഹുസൈന്‍ ഫൈസി സ്വാഗതവും സമദ് ദാരിമി നന്ദിയും രേഖപ്പെടുത്തി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ള നിവേദനം മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ അഗത്തി ഡപ്യൂട്ടി കലക്ടര്‍ കൈമാറി.