കൊച്ചി:
ഫ്ലാറ്റിന്റെ പതിനാറാം നിലയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ ശനി പകല്‍ 3.30ന് ആയിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ഗാന്ധിനഗര്‍ അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫീസർ പി ആര്‍ ലാല്‍ജിയുടെ നേതൃത്വത്തിൽ താഴെ വലവിരിച്ച്‌ മുൻകരുതൽ സ്വീകരിച്ചു. അനുനയ നീക്കത്തിന് തയ്യാറാകാതിരുന്ന യുവാവിനെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഡോര്‍ പൊളിച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അകത്തു കടന്നു. തുടര്‍ന്ന് അഞ്ചു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം രാത്രി 8.30ഓടെ പാലാരിവട്ടം പൊലീസിന്റെ സഹായത്തോടെ യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നമാണ് ആത്മഹത്യാ ഭീഷണിക്ക് പിന്നിലെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ വിമല്‍കുമാര്‍, വി ടി രാജേഷ്, ഹരിപ്രസാദ്, ഷിബുകുമാര്‍, ടി പി ആര്യ, അതുല്‍ കൃഷ്ണന്‍, എന്‍ കെ ഗോപി, കെ ആര്‍ അജിത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.