കൊച്ചി:: തദ്ദേശീയ മേഖലയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠനവും തൊഴിൽ സാധ്യതകളും സംബന്ധിച്ച് വ്യക്തമായ ദിശാബോധം നൽകുന്നതിനായി കുടുംബശ്രീ സോഷ്യൽ ഇൻക്ലൂഷൻ പദ്ധതിയുടെ ഭാഗമായി കോമ്പസ് (കരിയർ ഓപ്പർച്യൂണിറ്റി, മൈൻഡ്‌സെറ്റ്, പാഷൻ, ആറ്റിറ്റ്യൂഡ്, സ്കിൽസ്, സപ്പോർട്ട് സിസ്റ്റം ഫോർ ചിൽഡ്രൻ) – 2026 കരിയർ ഗൈഡൻസ് ക്ലാസുകൾ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി, കഴിവ്, താൽപര്യം എന്നിവയ്ക്കനുസൃതമായ പഠന-തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്. വിവിധ കോഴ്‌സുകൾ, പ്രവേശന നടപടിക്രമങ്ങൾ, ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനങ്ങൾ, സ്കോളർഷിപ്പ് അവസരങ്ങൾ, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ
കുട്ടമ്പുഴയിലെ രണ്ട് സെന്ററുകളിലായി വിവിധ ഉന്നതികളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

പ്ലസ് ടു, ബിരുദ, പ്രൊഫഷണൽ, നൈപുണ്യ വികസന കോഴ്‌സുകൾ ഉൾപ്പെടെയുള്ള പഠന മേഖലകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും തൊഴിൽ പുതിയ പ്രവണതകളും പരിചയപ്പെടുത്തുന്നതിലൂടെ ഭാവി കരിയർ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഉപരിപഠനം തെരഞ്ഞെടുക്കാൻ സഹായകമാകുന്ന തരത്തിലായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നത്.

വിദ്യാഭ്യാസവും തൊഴിലും സംബന്ധിച്ച ശരിയായ മാർഗനിർദേശത്തിന്റെ അഭാവം മൂലം വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കുകയും അവരുടെ ഭാവി ലക്ഷ്യങ്ങൾ വ്യക്തതയോടെ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു കോമ്പസ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.