മൂലംപള്ളി പുനരധിവാസ ഭൂമിയിലേയ്ക്ക് സർവീസ് റോഡ് നിർമ്മിക്കുന്നത് പരിശോധിക്കുവാൻ NHAI ഉദ്യോഗസ്ഥർ എത്തി
കൊച്ചി : ജില്ലാ കളക്ടർ ചെയർമാൻ ആയിട്ടുള്ള മൂലംപള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം NHAI ഉദ്യോഗസ്ഥർ പുനരധിവാസ സൈറ്റിലേക്ക് സർവീസ് റോഡ് നിർമ്മിക്കുന്നതിന് മുന്നോടിയായി സ്ഥല പരിശോധനയ്ക്ക് എത്തി. പാക്കേജ് പ്രകാരം മൂലംപള്ളി പുഴയുടെ ഓരത്ത് 1.05 ഏക്കർ ഭൂമി നികത്തിയാണ് 13 കുടുംബങ്ങൾക്ക് അഞ്ചും ആറും സെന്റും വീതം പട്ടയം നൽകിയിട്ടുള്ളത്. ഇതിനകം എട്ട് കുടുംബങ്ങൾ വീടുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും കണ്ടെയ്നർ റോഡിലേക്കുള്ള പ്രവേശനം നിയന്ത്രിതമായതിനാൽ സുഗമമായ സഞ്ചാരത്തിന് തടസ്സം നേരിടുന്നു എന്ന് കോർഡിനേഷൻ കമ്മിറ്റി മോണിറ്ററിംഗ് കമ്മിറ്റിയിൽ രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് NHAI ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചത്. NHAI യുടെ സിനുലാല്‍, എൻജിനീയർ മർക്കോസ് എന്നിവർ അടങ്ങുന്ന പരിശോധന സംഘത്തിൻ്റെ മുന്നിൽ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ, ആൻ്റണി ഓസ്റ്റിൻ പനക്കൽ, ജോസി പനക്കൽ , അരവിന്ദൻ കരിപുറത്ത്, ജോർജ് അമ്പാട്ട്, ആലിസ് ലൂക്കോസ് തേക്കുംകാനത്ത്, രാധാമണി, ജെയിംസ് തുടങ്ങിയവർ വസ്തുതകൾ വിശദീകരിച്ച് നിവേദനം സമർപ്പിച്ചു.