പാലക്കാട് : അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് 26 വയസുള്ള മണികണ്ഠൻ എന്ന ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇരയ്ക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ജില്ലാ കളക്ടർ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ഇരയ്ക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യം ജില്ലാ പട്ടികവർഗ വികസന ഓഫീസർ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കളക്ടർ കാലതാമസം കൂടാതെ ജില്ലാതല വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മർദ്ദനം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത ക്രൈം 102/2025 നമ്പർ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ (നടപടിക്രമം) റഗുലേഷൻ പ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറഞ്ഞു.
പത്രവാർത്തയുടെഅടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അഗളി ഡി.വൈ.എസ്.പി. റിപ്പോർട്ട് സമർപ്പിച്ചു.
2025 ഡിസംബർ 1 ന് പാലൂർ സ്വദേശി മണികണ്ഠനെന്ന ആദിവാസി യുവാവിനെ ഉയർന്ന ജാതിയിൽപെട്ട കുളപ്പടി സ്വദേശി മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മണികണ്ഠന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന ആരോപണം തെളിയിക്കാനായിട്ടില്ല. മണികണ്ഠന്റെ തലയ്ക്ക് സാരമായി പരിക്കേൽക്കുന്ന വിധത്തിൽ അടിച്ചതായി കണ്ടെത്താനായില്ല. മണികണ്ഠന്റെ തലയിലുള്ള രക്തസ്രാവം ഒന്നാം തീയതി സംഭവിച്ചതല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. ഇത് ഡിസംബർ 9 ന് സംഭവിച്ചതാകാനാണ് സാധ്യത. മണികണ്ഠൻ തലകറങ്ങി നിലത്തുവീണതായും തല നിലത്തടിച്ചതായും ബന്ധു മൊഴി നൽകിയിട്ടുണ്ട്. 2026 ഫെബ്രുവരി 14 ന് കുറ്റപത്രം മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇരയ്ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന ശുപാർശ ജില്ലാ കളക്ടർക്ക് നൽകിയതായും അഗളി ഡി.വൈ.എസ്.പി. സിറ്റിംഗിൽ നേരിട്ട് ഹാജരായി അറിയിച്ചു.
ജില്ലാതല വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മറ്റി യോഗത്തിൽ വിഷയം സമർപ്പിച്ച് കേസുകളുടെ സീനിയോറിറ്റി അനുസരിച്ച് ജില്ലാ പട്ടികജാതി ഓഫീസിൽ നിന്നും ഇരകൾക്ക് ആശ്വാസധനം നൽകാമെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.