കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ന്യൂറോ സയൻസ് പഠന കേന്ദ്രത്തിന്റെ സിൽവർ ജ്യൂബലി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 16 വരെ നടക്കുന്ന അന്താരാഷ്ട്ര ട്രാൻസ്ലേഷണൽ ന്യൂറോസയൻസ് കോൺഫറൻസ് (ICTN 2026) എറണാകുളം പ്രസ് ക്ലബ്ബുമായി ചേർന്ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സംസ്ഥാനതല മൽസരങ്ങൾ സംഘടിപ്പിക്കുന്നു. തലച്ചോറിന്റെ ആരോഗ്യവും, മാനസികാരോഗ്യവും, ന്യൂറോഡെവലപ്മെന്റും, ന്യൂറോഡിജെനറേറ്റീവ് രോഗങ്ങളും സംബന്ധിച്ച ശാസ്ത്രീയ ബോധം ജനങ്ങളിൽ പ്രത്യേകിച്ച് യുവതലമുറയിൽ വളർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. സ്കൂൾ തലത്തിലും, കോളേജ് തലത്തിലുമായി അഞ്ച് വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ആണ് ഉണ്ടാവുക.
ഷോർട്ട് വീഡിയോ, റീൽസ്, സ്റ്റിൽ മോഡൽ നിർമ്മാണം, പോസ്റ്റർ രചന, പെയിന്റിംഗ് എന്നീ അഞ്ച് വിഭാഗങ്ങളിൽ ഏഴ് വിഷയങ്ങൾ കേന്ദ്രീകരിച്ച് മത്സരങ്ങൾ ഉണ്ടാവും. മൽസരത്തിന് അയക്കുന്നവ എ ഐ നിർമ്മിതമാവരുത്. ഇതിന് പുറമെ അൽസൈമേഴ്സ്, പാർക്കിൻസൺസ്, സ്‌ട്രോക്ക്, എപ്പിലപ്സി, ഓട്ടിസം, സെറിബ്രൽ പാൾസി, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾ അനുഭവിക്കുന്നവരുടെയോ, അവരുടെ കുടുംബാംഗങ്ങളുടെയോ പരിചാരകരുടെയോ, അധ്യാപകരുടെയോ, ആരോഗ്യപ്രവർത്തകരുടെയോ ജീവിതാനുഭവങ്ങൾ പങ്കുവെക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. ഇവ കോൺഫറൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അവരുടെ അനുമതിയോടെ പ്രസിദ്ധീകരിക്കും. മികച്ച രചനകൾ കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ഉൾപ്പെടുത്തും. ഫൈനലിസ്റ്റുകളെ സെപ്റ്റംബർ 13 കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ ആദരിക്കും. മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ www.ictn2026.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണ ണം.