കൊച്ചി: മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നിലയായ 41.30 മീറ്ററിലേക്ക് ജലനിരപ്പ് എത്തിയിരിക്കുകയാണ്.
നിലവിൽ 145.392 കുമെക്‌സ് തോതിൽ ഡാമിലേക്ക് വെള്ളം ഒഴുകിയെത്തുന്നുണ്ട്. കൂടാതെ മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള ടൈൽ റേസ് വെള്ളവും പ്രതീക്ഷിക്കുന്നു.
ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലും മൂവാറ്റുപുഴ, തൊടുപുഴ ആറുകളിലെ ജലനിരപ്പ് അപകട നിലയിലായതിനാലും, ഡാമിന്റെയും താഴ്ന്ന പ്രദേശങ്ങളുടെയും സുരക്ഷ മുൻനിർത്തി നടപടികൾ ശക്തമാക്കി.
ഇന്നലെ രാത്രി 11.30 മുതൽ 50 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്ന ഷട്ടറുകളിൽ, നിലവിൽ തുറന്നിരിക്കുന്ന 5 ഷട്ടറുകളിൽ 3 എണ്ണം ഘട്ടം ഘട്ടമായി 1.00 മീറ്റർ വരെ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതാണ്.
മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരങ്ങളിൽ ഉള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.