കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ആദരവുമായി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി. പരിപാടിയിൽ മാർഗ നിർദേശങ്ങളും സൗഹൃദ സംഭാഷണവുമൊക്കെയായി ചെയർമാൻ ഡോ. ഷംഷീർ വയലിലും ഒപ്പം ചേർന്നതോടെ കുട്ടികളും മാതാപിതാക്കളും ആവേശത്തിലായി. ഇഷ്ടമുള്ള കാര്യങ്ങളെ ചേർത്തുപിടിച്ച് ലക്ഷ്യത്തിലേക്ക് ഉയരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാർഥികളോട് പറഞ്ഞു. വിജയത്തിലെത്താൻ ഒരുപാട് സാധ്യതകളാണ് ഇന്ന് ലോകം നിങ്ങൾക്ക് മുന്നിൽ തുറന്നുവെച്ചിരിക്കുന്നത്. ഈ വിജയം പുതിയൊരു തുടക്കമായി കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. മക്കളുടെ വിജയത്തിലൂടെ വി.പി.എസ് ലേക്‌ഷോര്‍ കുടുംബത്തിനുണ്ടായിരിക്കുന്ന സന്തോഷ നിമിഷം ആഘോഷിക്കുകയെന്നതാണ് ഈ ചടങ്ങിലൂടെ ലഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പഠനത്തിന് പ്രചോദനം നൽകിയ മാതാപിതാക്കൾക്ക് കൂടിയുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശ്രമിച്ചാൽ എത്തിച്ചേരാൻ കഴിയാത്ത ഉയരങ്ങളില്ലെന്ന് വി.പി.എസ് ലേക്‌ഷോര്‍ അഡ്വൈസറും സീനിയർ ചാർട്ടേഡ് അക്കൗണ്ടന്‍റും എഴുത്തുകാരനുമായ വേണുഗോപാൽ സി. ഗോവിന്ദ് പറഞ്ഞു. കുട്ടികൾ പ്രായോഗിക പരിജ്ഞാനം നേടുകയും ലോകത്തിലെ പുതിയ സംഭവവികാസങ്ങളെ വീക്ഷിക്കുകയും ചെയ്യുന്നവരാകണം. ജീവിതത്തിൽ വിജയിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവർക്ക് കൂടി വേണ്ടിയാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. സന്മാർഗത്തിലൂടെ സത്യസന്ധരായി, ആത്മനിയന്ത്രണത്തിലൂടെയും വിവേക ബുദ്ധിയോടെയും നന്നായി ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം നിർദേശിച്ചു.
വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, ഇൻഡിപെൻഡന്‍റ് ഡയറക്ടർ വി. വേണുഗോപാൽ, ഡയറക്ടർമാരായ എം.എം. മത്തായി, ജോബ് വർഗീസ്, കെ.എൻ.പി. നായർ എന്നിവർ സംസാരിച്ചു.