കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇൻറോഡ് പദ്ധതിയിലുൾപ്പെട്ട റബർ കൃഷി വിജയകരമായി പൂർത്തിയാകുന്ന സാഹചര്യത്തിൽ അടുത്ത ഘട്ടം ആരംഭിക്കുന്നതിനു മുന്നോടിയായി മികച്ച റബർ ഉൽപ്പാദനത്തിനും സംസ്കരണത്തിനുമായി ബോധവൽക്കരണ വീഡിയോ പരമ്പര പുറത്തിറക്കി. ഇൻറോഡ്, റബർ ബോർഡ് എന്നിവയുടെ സംയുക്ത സംരംഭമായ 'ഐസ്പീഡ്' (ഇൻറോഡ് സ്കില്ലിംഗ് ആൻഡ് പ്രൊഡക്ഷൻ എഫിഷ്യൻസി എൻഹാൻസ്മെൻ്റ് ഡ്രൈവ്) പദ്ധതിയുടെ ഭാഗമായാണ് 150 കോടി രൂപയുടെ ഈ സമഗ്ര നൈപുണ്യ വികസന പരിപാടി നടപ്പിലാക്കുന്നത്. മൂന്ന് ലക്ഷത്തോളം റബർ കർഷകർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.
റബർ ടാപ്പിങ്, റെയിൻ ഗാർഡിങ്, ഗ്രേഡിങ്, ഷീറ്റ് നിർമ്മാണം, ശാസ്ത്രീയ സ്മോക്ക് ഹൗസുകൾ എന്നിവ പ്രതിപാദിക്കുന്ന വീഡിയോ പരമ്പര റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ പുറത്തിറക്കി. റബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. സിജു ടി. നായർ, റബർ ബോർഡ് ഉദ്യോഗസ്ഥർ, ടയർ വ്യവസായ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കർഷകരിലേക്ക് വിവരങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി മലയാളം, അസമീസ്, ബംഗാളി, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് വീഡിയോകൾ തയ്യാറാക്കിയിരിക്കുന്നത്. റബർ ബോർഡിൻ്റെയും റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സാങ്കേതിക സഹായത്തോടെ ആനിമേഷനും തത്സമയ ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും റബറിന് മികച്ച വില ഉറപ്പാക്കാനും ഈ ബോധവൽക്കരണം സഹായിക്കുമെന്ന് ഇൻറോഡ് പ്രോജക്ട് ചെയർമാൻ മോഹൻ കുര്യൻ, ആത്മ സപ്ലൈ ചെയിൻ ഗ്രൂപ്പ് കൺവീനർ സഞ്ജീവ് സക്സേന, പ്രോജക്ട് കോർഡിനേറ്റർ മുരളിഗോപാൽ എന്നിവർ വ്യക്തമാക്കി.
അപ്പോളോ ടയേഴ്സ്, സിഎടി, ജെകെ ടയർ, എംആർഎഫ് എന്നീ മുൻനിര കമ്പനികളുടെ പിന്തുണയോടെ വടക്കുകിഴക്കൻ ഇന്ത്യയിലെ 113 ജില്ലകളിലായി 1.8 ലക്ഷം ഹെക്ടറിലാണ് ഇൻറോഡ് പദ്ധതി വഴി പുതിയ റബർ തോട്ടങ്ങൾ നിർമ്മിക്കുന്നത്.