കൊച്ചി: കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം ജെന്‍ഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ധീരം' അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിലും സിഡിഎസ് തലത്തിലും പരിശീലനം നേടിയ അംഗങ്ങള്‍ക്കുള്ള യൂണിഫോമിന്റെയും കൈപ്പുസ്തകത്തിന്റെയും വിതരണം
സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് കോൺഫറൻസ് ഹാളിൽ
സംഘടിപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധ പരിശീലനം ഫലപ്രദമായി നൽകുന്നതിനും പരിശീലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സിഡിഎസ് തല പരിശീലകർക്കുള്ള യൂണിഫോമും പരിശീലന കൈപ്പുസ്തകവും ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ റജീന റ്റി.എം. വിതരണം ചെയ്തു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ കുറയ്ക്കുക, സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുക, സ്വയംരക്ഷാ ശേഷി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കുടുംബശ്രീ 'ധീരം' പദ്ധതി നടപ്പാക്കുന്നത്.
പരിശീലന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏകീകൃതവുമാക്കുന്നതിനും പരിശീലകരുടെ പ്രൊഫഷണൽ മികവ് വർധിപ്പിക്കുന്നതിനും യൂണിഫോമും കൈപ്പുസ്തകവും സഹായകരമാകുമെന്ന് പരിപാടിയിൽ വിലയിരുത്തി. കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, സ്നേഹിത പ്രതിനിധികൾ, ധീരം മാസ്റ്റർ ട്രെയിനർമാർ, ജില്ലാ-സിഡിഎസ് തല പരിശീലകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.