തിരുവനന്തപുരം: നാലുവര്‍ഷമായി തടഞ്ഞുവച്ചിരുന്ന ഭക്ഷ്യ സബ്‌സിഡി തുകയില്‍ 117.29 കോടി രൂപ അനുവദിച്ച് കേ്രന്ദ സര്‍ക്കാര്‍. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്‍െ്‌റ ഇടപെടലില്‍, സാങ്കേതിക പിഴവു പരിഹരിച്ച് സപ്‌ളൈകോ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു കേന്ദ്രം സബ്‌സിഡി തുക അനുവദിച്ചിരിക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തിലെ മാപ്പര്‍ റിപ്പോര്‍ട്ടില്‍, എഎവൈ വിഭാഗത്തിലെ വിതരണ ഡാറ്റ സാങ്കേതിക പിഴവുമൂലം പിഎച്ച്എച്ച് വിഭാഗത്തില്‍ രേഖപ്പെട്ടതു കാരണം 207.56 കോടി രൂപയാണു കേന്ദ്രം തടഞ്ഞുവച്ചത്.

മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, കേരള, ഹൈദരാബാദ് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്‍്‌ററുകളുടെ സഹകരണത്തോടെ സംസ്ഥാന പൊതുവിതരണ വിഭാഗം മാപ്പര്‍ റിപ്പോര്‍ട്ടിലെ ഡാറ്റയിലെ പിഴവു പരിഹരിച്ചു. തുടര്‍ന്ന് സപ്‌ളൈകോ സമര്‍പ്പിച്ച അനുബന്ധ അവകാശവാദം പരിഗണിച്ചാണു തുക അനുവദിച്ചത്.

സംസ്ഥാനങ്ങള്‍ വിതരണം ചെയ്ത റേഷന്‍ധാന്യങ്ങളുടെ കൃത്യമായ വിവരം കേന്ദ്രപൂളുമായി ഒത്തുനോക്കാനും, അതു കണക്കാക്കി ഭക്ഷ്യ സബ്‌സിഡി ഫണ്ട് അനുവദിക്കാനും കേന്ദ്രം ഉപയോഗിക്കുന്ന കേന്ദ്രീകൃത റിപ്പോര്‍ട്ടിംഗ് സംവിധാനമാണു മാപ്പര്‍ റിപ്പോര്‍ട്ട്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത ധാന്യങ്ങളുടെ വിവരങ്ങള്‍ മാപ്പര്‍ റിപ്പോര്‍ട്ട് വഴിയാണു കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യ സബ്‌സിഡി തുക അനുവദിക്കുന്നതും അന്തിമ ബില്ലുകള്‍ തീര്‍പ്പാക്കുന്നതും ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്.

കേന്ദ്ര വിഹിതവും സബ്‌സിഡി ഫണ്ടും കൃത്യമായി ലഭ്യമാക്കുന്നതില്‍ ഈ റിപ്പോര്‍ട്ടിനു നിര്‍ണായക പങ്കാണുള്ളത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള അര്‍ഹതയും യഥാര്‍ഥ വിതരണവും തമ്മില്‍ ഒത്തുനോക്കാന്‍ സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം ഡാറ്റാബേസിനെ മാപ്പര്‍ റിപ്പോര്‍ട്ട് വഴി കേന്ദ്രപൂളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.