കൊച്ചി: പരിസ്ഥിതി ബോധവും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന ജീവിതശൈലിയും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ ജില്ലയിലെ 102 സി.ഡി.എസുകളിലെ ബാലസഭകളിൽ ‘നോ വെഹിക്കിൾ ഡേ ചലഞ്ച്’ സംഘടിപ്പിച്ചു. ഓഗസ്റ്റ് മാസത്തെ തീമാറ്റിക് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചലഞ്ച് നടത്തിയത്. രണ്ടുമുതൽ മൂന്ന് വാർഡുകൾ ചേർന്ന ക്ലസ്റ്റർ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങൾ.

വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുക, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുക, പരിസ്ഥിതി സൗഹൃദ ജീവിതശൈലി വളർത്തുക എന്നിവയായിരുന്നു ലക്ഷ്യം. സാധ്യമാകുന്നിടത്ത് സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി നടക്കുക, സൈക്കിൾ ഉപയോഗിക്കുക, പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

കുട്ടികളുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര, വാക്കത്തോൺ, പോസ്റ്റർ–പ്ലക്കാർഡ് പ്രചാരണം തുടങ്ങിയ ബോധവത്കരണ പ്രവർത്തനങ്ങളും നടന്നു. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും കുട്ടികൾ ജനങ്ങളിലേക്ക് എത്തിച്ചു.

ബാലസഭാ കൂട്ടുകാരുടെ വീടുകളിലും വാഹന ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. വീടുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം രേഖപ്പെടുത്തി, ഒരു ദിവസം വാഹന ഉപയോഗം എത്രത്തോളം കുറയ്ക്കാനായെന്ന് വിലയിരുത്തി. ഇതിനായി നൽകിയ ‘വെഹിക്കിൾ കാർഡിൽ’ അന്നത്തെ വാഹന ഉപയോഗവും രേഖപ്പെടുത്തി.

ഒരു ദിവസം വാഹനങ്ങൾ ഒഴിവാക്കുന്നതിലൂടെ പ്രകൃതിക്ക് ലഭിക്കുന്ന ഗുണങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശവും ചലഞ്ചിലൂടെ നൽകി. ഭാവിയിൽ എല്ലാ മാസവും ഒരു ദിവസം വാഹനരഹിത ദിനമായി ആചരിക്കാൻ കുട്ടികളെയും കുടുംബങ്ങളെയും പ്രേരിപ്പിക്കുകയെന്നതും ലക്ഷ്യമാണ്. വിവിധ ബാലസഭകളിലെ കുട്ടികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.

കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനൊപ്പം നേതൃത്വശേഷി, സംഘബോധം, സഹകരണ മനോഭാവം, ജനാധിപത്യബോധം, വ്യക്തിത്വവികാസം തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ പരിപാടിയാണ് ബാലസഭ. അഞ്ചുമുതൽ 18 വയസ്സുവരെയുള്ള 15 മുതൽ 30 വരെ കുട്ടികൾ ചേർന്നാണ് ബാലസഭകൾ രൂപീകരിക്കുന്നത്. അയൽക്കൂട്ടതലത്തിൽ ബാലസഭ, വാർഡുതലത്തിൽ ബാലസമിതി, തദ്ദേശഭരണ സ്ഥാപനതലത്തിൽ ബാല പഞ്ചായത്ത്/ബാല നഗരസഭ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് ബാലസഭകളുടെ പ്രവർത്തനം.