കൊച്ചി: ഏകീകൃത കുർബാന എത്രയും വേഗം പൂർണമായും നടപ്പിലാക്കുക, മാർ ജോസഫ് പാംപ്ലാനിയെ എറണാകുളത്തെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്ത് നിന്നും പുറത്താക്കി
അതിരൂപതയിൽ
അഡ്മിനിസ്ട്രേറ്റർ ഭരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വിശ്വാസികൾ പ്രതിഷേധ സമരം നടത്തും.
അധികാരമേറ്റ് ഒന്നര വർഷം പൂർത്തിയാക്കിയിട്ടും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഒന്നും ചെയ്തില്ലായെന്ന് മാത്രമല്ല ഇവിടെ ഒരിക്കലും സഭയുടെ തീരുമാനം നടപ്പിലാകരുതെന്ന ഗൂഢ ലക്ഷ്യത്തോടെ സഭാവിരുദ്ധരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് മാർ പാംപ്ലാനി പ്രവർത്തിക്കുന്നത്. സഭാ തീരുമാനം നടപ്പിലാക്കാൻ മെത്രാപ്പോലീത്തൻ വികാരി ഇതുവരെ ഇവിടെ എന്തെല്ലാമാണ് ചെയ്തതെന്ന് സിനഡ് വിശ്വാസികളോട് വിശദീകരിക്കണം. അതിരൂപത ഭരണ നേതൃത്വം വിമതർക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത് എന്നതിന് നിരവധി തെളിവുകൾ നൽകാൻ വിശ്വാസികൾ തയ്യാറാണ്. ഇന്ന് മുതൽ ആരംഭിക്കുന്ന സിനഡിലെങ്കിലും കുർബാനയുടെയും പാംപ്ലാനിയുടേയും വിഷയങ്ങളിൽ വിശ്വാസികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന സമര പരമ്പരയുടെ തുടക്കമായിരിക്കും ഇന്നത്തെ പ്രതിഷേധ സമരമെന്ന് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തിയും ജനറൽ കൺവീനർ അഡ്വ. ജോയി ജോർജും അറിയിച്ചു.