സങ്കീർണ ഹൃദയധമനി ചികിത്സയിൽ കൂടുതൽ കൃത്യതയുമായി ഐ.സി.സി.കെ ത്രിദിന സമ്മേളനം

തിരുവനന്തപുരം: കാൽസ്യം അടിഞ്ഞുകൂടിയതും പൂർണമായി അടഞ്ഞതുമായ ഹൃദയധമനികളുടെ ചികിത്സയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്ന നൂതന ഇമേജിങ് സംവിധാനങ്ങളും ചികിത്സാ സാങ്കേതിക വിദ്യകളും ചർച്ച ചെയ്ത് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐ.സി.സി.കെ) വാർഷിക സമ്മേളനം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ചു.

ഐ.സി.സി.കെ പ്രസിഡന്റ് ഡോ. ശിവപ്രസാദ് കെ. സമ്മേളനം ഉദ്ഘാടനം ചെയ്തു. സയന്റിഫിക് കമ്മറ്റി ചെയർമാൻ ഡോ. രാജേഷ് ടി, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. പ്രവീൺ എസ്.വി; ഐ.സി.സി.കെ സെക്രട്ടറി ഡോ. ലൂയി ഫിഷർ, ട്രഷറർ ഡോ. അരുൺ ഗോപി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

രോഗിയുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകി സങ്കീർണ ഹൃദയധമനി രോഗങ്ങൾ കൂടുതൽ കൃത്യതയോടെ ചികിത്സിക്കാനുള്ള സാധ്യതകളാണ് ഇന്റർവെൻഷണൽ കാർഡിയോളജി തുറക്കുന്നതെന്ന് ഡോ. ശിവപ്രസാദ് കെ. പറഞ്ഞു.

പരമ്പരാഗത ആൻജിയോഗ്രാമിൽ ലഭിക്കുന്ന വിവരങ്ങൾക്കപ്പുറം ഹൃദയധമനിയുടെ ഉൾവശം വിശദമായി വിലയിരുത്താൻ കഴിയുന്നതാണ് ആധുനിക ആൻജിയോപ്ലാസ്റ്റിയിലെ പ്രധാന മാറ്റങ്ങളിലൊന്നെന്ന് ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. പ്രവീൺ എസ്.വി പറഞ്ഞു.

സ്ഥിരമായി സ്റ്റെന്റ് സ്ഥാപിക്കാതെ തിരഞ്ഞെടുത്ത രോഗികളിൽ മരുന്ന് പുരട്ടിയ പ്രത്യേക ബലൂൺ ഉപയോഗിച്ച് ബ്ലോക്കുകൾ ചികിത്സിക്കുന്ന രീതികളും കൂടുതൽ പ്രാധാന്യം നേടുന്നതായി ഡോ. പ്രവീൺ പറഞ്ഞു.

ചെറുപ്പക്കാരിൽ കത്തീറ്റർ വഴി നടത്തുന്ന ഹൃദയവാൽവ് ചികിത്സ, ശസ്ത്രക്രിയ കൂടാതെ പൾമണറി വാൽവ് മാറ്റിവയ്ക്കുന്ന ചികിത്സ, എന്നിവ സമാപന ദിവസത്തെ പ്രധാന വിഷയങ്ങളായത്.

രാജ്യത്തെ മന്നൂറിലധികം പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളും ഹൃദ്രോഗ വിദഗ്ധരും ത്രിദിന സമ്മേളനത്തിൽ പങ്കെടുത്തു.