കൊച്ചി : മെട്രോ നിർമ്മാണത്തിനുവേണ്ടി അശാസ്ത്രീയമായി റോഡ് അടച്ചുകെട്ടിയതുകാരണം ഗതാഗതകുരുക്ക് രൂക്ഷമായെന്ന പരാതി അടിയന്തരമായി പരിഹരിക്കുന്നതിന് അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ (ട്രാഫിക്) നിയോഗിച്ച് സ്ഥലപരിശോധനയും അന്വേഷണവും നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പരിശോധനയ്ക്ക് മുമ്പ് കൊച്ചി മെട്രോ എം.ഡി ക്ക് നോട്ടീസ് നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. പാലാരിവട്ടം മേഖലയിൽ ഗതാഗതകുരുക്ക് രൂക്ഷമാകാനുള്ള കാരണങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തണം. ഗതാഗത കുരുക്കിന്റെ കാരണങ്ങൾ കെ.എം.ആർ.എൽ ഉദ്യോഗസ്ഥരിൽ നിന്നും മനസിലാക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കൊച്ചി ജില്ലാ പോലീസ് മേധാവിക്ക് അന്വേഷണോദ്യോഗസ്ഥർ കൈമാറണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി വിവിധ ഏജൻസികളുമായി കൂടിയാലോചന നടത്തി ഗതാഗതകുരുക്ക് സത്വരമായി പരിഹിക്കാനുള്ള നടപടികൾ സ്വീകരിക്കണം. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പു സഹിതം ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനുള്ളിൽ കമ്മീഷൻ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കണം. പാലാരിവട്ടം മേഖലയിലെ ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കെ.എം.ആർ.എൽ എം.ഡിയും സമർപ്പിക്കണം. മെട്രോ ജോലികളുടെ പുരോഗതി സംബന്ധിച്ച വിശദീകരണവും സമർപ്പിക്കണം.
ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി ട്രാഫിക് എ.സിയും കെ.എം.ആർ.എൽ എം.ഡിയുടെ പ്രതിനിധിയും ഒക്ടോബർ 23 ന് രാവിലെ 10ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.