കൊച്ചി: ഇന്ത്യയിലേയും ഏഷ്യയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75-ാം വാർഷികവും ഗോകുലം പാർക്ക് ആൻ്റ് കൺവെൻഷൻ സെൻ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ്റെ ദേശീയ കൺവെൻഷൻ ഇത്തവണ കേരളത്തിൽ നടത്തണമെന്നും അതിന് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ടൂറിസം മേഖലയെ പ്രധാന വളർച്ചാ ഘടകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തുറമുഖ വികസനം, ഏവിയേഷൻ, ഹോട്ടൽ മേഖല, ആരോഗ്യ ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചുള്ള വികസനമാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

600 കിലോമീറ്ററോളം തീരപ്രദേശവും രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്‌നർ ടെർമിനലും 18 മിനി തുറമുഖങ്ങളും കേരളത്തിനുണ്ട്. ഇവയെ ഏകോപിപ്പിച്ച് കേരളത്തെ ഒരു വലിയ തുറമുഖ നഗരമായി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖത്ത് കയറ്റുമതി- ഇറക്കുമതി സൗകര്യങ്ങൾ ആരംഭിക്കുന്നത് കേരളത്തിന്റെ വികസനത്തിൽ വലിയ വഴിത്തിരിവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിൽ ടൂറിസത്തിനായി പ്രത്യേക ആഡംബര മേഖല, മുസിരിസ് മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയം, കേരളത്തിൽ ഫിലിം സിറ്റി, കോഴിക്കോട്ട് എം ടി വാസുദേവൻ നായർ മെമ്മോറിയൽ കൾച്ചറൽ പാർക്ക് തുടങ്ങിയ പദ്ധതികളും സർക്കാർ പരിഗണിക്കുന്നുണ്ട്.
കേരളത്തിൽ ഹോട്ടൽ മുറികളുടെ കുറവ് പരിഹരിക്കുന്നതിനായി കൂടുതൽ സ്റ്റാർ ഹോട്ടലുകൾ ആരംഭിക്കാനുള്ള നടപടികളുണ്ടാകും.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റും. പൈലറ്റ് പരിശീലന കേന്ദ്രം ഉൾപ്പെടെ 27 ഏവിയേഷൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇവിടെ ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ ടൂറിസം ഉൽപ്പന്നങ്ങൾ വികസിപ്പിക്കണം. കടൽ, കായൽ, മലനിരകൾ, വനങ്ങൾ എന്നിവയുടെ വൈവിധ്യം പ്രയോജനപ്പെടുത്തി റിവർ ക്രൂയിസും മറ്റ് ടൂറിസം പദ്ധതികളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ ടൂറിസത്തിനായി യൂറോപ്യൻ മാതൃകയിലുള്ള കെയർഗിവിംഗ് കോഴ്സുകളും റീഹാബിലിറ്റേഷൻ സെന്ററുകളും ആരംഭിക്കും. ആയുർവേദം, അലോപ്പതി, ഹോളിസ്റ്റിക് ചികിത്സ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി ആരോഗ്യ ടൂറിസം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലും കേരളത്തെ ആഗോള കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ‘നോളജ് വാലി’ പദ്ധതിയുടെ ഭാഗമായി ലോകപ്രശസ്ത സർവകലാശാലകളെ കേരളത്തിലേക്ക് എത്തിക്കാൻ ശ്രമം നടത്തും. തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് പുതിയ അക്കാദമിക് പ്രോഗ്രാമുകളും പാഠ്യപദ്ധതികളും രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻ്റ് ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എം എൽ എ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, ഇന്ത്യാ ഗവൺമെൻ്റ് ടൂറിസം മന്ത്രാലയം റീജ്യണൽ ഡയറക്ടർ ഡി വെങ്കിടേശൻ, ഇന്ത്യാ ഗവൺമെൻ്റ് ടൂറിസം മന്ത്രാലയം പ്രിൻസിപ്പൽ ഐ എച്ച് എം ഡോ. ടി അനന്തകൃഷ്ണൻ, ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർപേഴ്സൺ മറിയാമ്മ ജോസ്, ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ഹോണററി സെക്രട്ടറി അഷറഫ് നെല്ലിക്കുന്നൻ എന്നിവർ പ്രസംഗിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻ്റ് ആർ സുനിൽ കുമാർ മുഖ്യമന്ത്രിക്ക് കൈമാറി.

വാർഷികാഘോഷത്തിൽ ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായിരുന്നു. ഇൻമെക് ചെയർമാൻ ഡോ. എൻ എം ഷറഫുദ്ദീൻ, ഒമാൻ എയർ ഇന്ത്യൻ സബ് കോൺഡിനൻ്റ് റീജ്യണൽ വൈസ് പ്രസിഡൻ്റ് സുനിൽ വി എ എന്നിവരെ ആദരിച്ചു.

ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ മികച്ച സേവനം നടത്തിയവർക്ക് പുരസ്കാരങ്ങൾ നൽകി.