കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായവും പിന്തുണയും നൽകുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് ആഗസ്റ്റ് 21ന് പതിമൂന്നാം വാർഷികം ആഘോഷിക്കും. 2013 ആഗസ്റ്റ് 23നാണ് എറണാകുളം ജില്ലയിൽ ആദ്യ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന് തുടക്കമായത്. 2017ൽ കേരളത്തിലെ എല്ലാ ജില്ലകളിലും സ്നേഹിത കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക ഇടം ഒരുക്കുക, അതിക്രമങ്ങൾ നേരിടുന്നവർക്ക് അടിയന്തര സഹായവും പിന്തുണയും നൽകുക, അതിജീവനത്തിനും ഉപജീവനത്തിനും ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്നേഹിത പ്രവർത്തിക്കുന്നത്. കൗൺസിലിംഗ്, മീഡിയേഷൻ, താൽക്കാലിക താമസം, നിയമസഹായം, വൈദ്യസഹായം എന്നിവയാണ് പ്രധാന സേവനങ്ങൾ. സ്നേഹിതയുടെ സേവനങ്ങൾ സൗജന്യമാണ്.
എറണാകുളം സ്നേഹിത കഴിഞ്ഞ 13 വർഷത്തിനിടെ 10,428 കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1,685 പേർ സ്നേഹിതയിലെ താൽക്കാലിക താമസസൗകര്യം പ്രയോജനപ്പെടുത്തി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പത്ത് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും ഇവിടെ താമസസൗകര്യം ലഭ്യമാണ്. ഒരേസമയം അഞ്ചുപേർക്ക് വരെ താമസിക്കാനുള്ള സൗകര്യമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിതയിൽ കൗൺസിലർമാർ, സർവീസ് പ്രൊവൈഡർമാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നു.
സ്നേഹിതയുടെ പ്രവർത്തനങ്ങൾ സേവനകേന്ദ്രത്തിൽ മാത്രം പരിമിതമല്ല. ജെൻഡർ അവബോധ പരിശീലനം, ക്രൈം മാപ്പിങ്, സ്നേഹിത @ സ്കൂൾ പദ്ധതി, സ്കൂൾ-കോളേജ് ജെൻഡർ ക്ലബുകൾ, ജെൻഡർ റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനം തുടങ്ങിയവയും സ്നേഹിതയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഉച്ചഭാഷിണി ക്യാമ്പയിൻ, പോസ്റ്റർ ക്യാമ്പയിൻ, ഡോർ ടു ഡോർ ക്യാമ്പയിൻ, ജെൻഡർ കാർണിവൽ, ഗോത്രതാളം, തീരമിത്ര, സ്നേഹിത കോളിങ് ബെൽ തുടങ്ങിയ വിവിധ ബോധവത്കരണ-സാമൂഹിക ഇടപെടലുകളും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
സ്നേഹിതയുടെ 13-ാം വാർഷികത്തോടനുബന്ധിച്ച് സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ‘ഉച്ചഭാഷിണി’ എന്ന പ്രചാരണ പരിപാടിക്ക് ആഗസ്റ്റ് 18ന് തുടക്കമായി. ആലുവ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി എം റെജീന പ്രചാരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ആഗസ്റ്റ് 18 മുതൽ 25 വരെ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസുകളിൽ പ്രചാരണ വാഹനം എത്തി സ്നേഹിതയുടെ സേവനങ്ങളെക്കുറിച്ച് അനൗൺസ്‌മെന്റ് നടത്തുകയും വിസിറ്റിംഗ് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.
സ്നേഹിതയിലേക്ക് 24 മണിക്കൂറും ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ: 1800 4255 5678. മൊബൈൽ: 85940 34255.