കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണനമേള ഓഗസ്റ്റ് 21 മുതൽ 25 വരെ ചോറ്റാനിക്കരയിൽ നടക്കും. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ 21 ന് രാവിലെ 10 മണിക്ക് വിപണനമേള ഉദ്ഘാടനം ചെയ്യും. ചോറ്റാനിക്കര സി.ഡി.എസ് ചെയർപേഴ്‌സൺ പുഷ്പലത അധ്യക്ഷത വഹിക്കും. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റെജീന പദ്ധതി വിശദീകരണം നടത്തും. സിനിമാ-മിമിക്രി താരം സാജു നവോദയ മുഖ്യാതിഥിയാകും.

കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന വിഷരഹിത പച്ചക്കറികൾ, നാടൻ ഉൽപ്പന്നങ്ങൾ, ഓണപ്പലഹാരങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാകും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വിപണന കൗണ്ടറുകൾ പ്രവർത്തിക്കുക. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായവിലയിൽ ഉപഭോക്താക്കളിലെത്തിക്കുന്നതിനുമാണ് മേള ലക്ഷ്യം വെക്കുന്നത്.

ജില്ലാതല മേളയ്ക്ക് പുറമെ ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും രണ്ട് ഓണം വിപണനമേളകൾ വീതം സംഘടിപ്പിക്കും.

ഓണം വിപണനമേളയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് സദ്യ വീടുകളിൽ എത്തിച്ചുനൽകും. ഒരു ഓർഡറിൽ കുറഞ്ഞത് അഞ്ച് സദ്യ ഉണ്ടായിരിക്കണം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഓർഡറുകൾ സ്വീകരിക്കും. ലഭിക്കുന്ന മുൻകൂർ ഓർഡറുകളുടെ അടിസ്ഥാനത്തിൽ സദ്യ തയ്യാറാക്കി വീടുകളിൽ എത്തിക്കും.