ചോറ്റാനിക്കര: “ഓണം കുടുംബശ്രീയോടൊപ്പം” എന്ന ടാഗ്‌ലൈനോടെ കുടുംബശ്രീ ഓണവിപണിക്ക് ചോറ്റാനിക്കരയിൽ തുടക്കമായി. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണനമേള എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമാ-മിമിക്രി താരം സാജു നവോദയ മുഖ്യാതിഥിയായി.
കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ഗുണമേന്മയുള്ള വിവിധ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. നാടൻ പച്ചക്കറികൾ, വൈവിധ്യമാർന്ന അച്ചാറുകൾ, ശർക്കര, സെറ്റ് സാരികൾ, ചിപ്‌സ്, പൂക്കൾ, വിവിധതരം പായസങ്ങൾ തുടങ്ങി ഓണത്തിന് ആവശ്യമായ നിരവധി ഉൽപന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും മേള സഹായിക്കും.
ചടങ്ങിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഡി. രാജു വിപണനോദ്ഘാടനം നിർവഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ആദ്യവിൽപ്പന നടത്തി. സി.ഡി.എസ്. ചെയർപേഴ്‌സൺ പുഷ്പലത അധ്യക്ഷയായി. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലൈജു ജനകൻ സ്വാഗതം പറഞ്ഞു.
കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റെജീന പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.സി. അനുമോൾ, മാർക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജർ സെയ്‌ദ് മുഹമ്മദ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര ധർമരാജൻ, ജില്ലാ പഞ്ചായത്ത് അംഗം സോന ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനു ടി.പി. കൃതജ്ഞത രേഖപ്പെടുത്തി.