കൊച്ചി: നാല് അസംബ്ലി മണ്ഡലങ്ങളിൽ നിന്നും വല്ലാർപാടം രാജ്യാന്തര ടെർമിനലിൽ പദ്ധതിക്ക് വേണ്ടി കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസ ഉത്തരവു പ്രകാരം കൊച്ചി തുറമുഖത്തിൽ ലഭിക്കുവാനുള്ള തൊഴിൽ പ്രാവർത്തികമാക്കുവാൻ ബന്ധപ്പെട്ട എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുൻകൈയെടുക്കും എന്ന് ഫാദർ ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു. കോർഡിനേഷൻ കമ്മിറ്റി വടുതല പുനരധിവാസ ഭൂമിയിൽ മൂലംപള്ളി പാക്കേജ് ആനുകൂല്യങ്ങൾക്ക് അർഹരായ കുടുംബങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ എറണാകുളം 62.95% (198 കുടുംബങ്ങൾ), വൈപ്പിൻ 21.52% (68), കളമശ്ശേരി 13.03% (38) , തൃക്കാക്കര 3.80% (12) എന്നീ ക്രമത്തിലാണ് പുരയിടങ്ങൾ നഷ്ടപ്പെട്ടത്. കുടുംബങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിൽ നൽകും എന്ന് സർക്കാർ ഉത്തരവ് ഉള്ളപ്പോൾ അത് നടപ്പിലാക്കുവാൻ ജനപ്രതിനിധികൾ എന്ത് ചെയ്തെന്ന് അറിയുവാൻ താല്പര്യമുണ്ട്. ക്യാബിനറ്റ് തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ബ്യൂറോക്രസിക്ക് ഉണ്ട്. അവർ അത് നിർവഹിക്കുന്നുണ്ടെന്ന് ജനപ്രതിനിധികൾ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രത വിടാതെ ഒരുമിച്ചു നിൽക്കുവാൻ അദ്ദേഹം കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങളോട് ആഹ്വാനം ചെയ്തു .
കോർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി വിൽസൻ, ഏലൂർ ഗോപിനാഥ്, വി.ഡി മാർട്ടിൻ, സീലിയ ഫെലിക്സ്, ജോർജ് അമ്പാട്ട്, മേജർ മൂസാകുട്ടി, ജൂലിയൻ ജെയിംസ്, ജോണി ജോസഫ്, ഷിജു തുടങ്ങിയവർ സംസാരിച്ചു...