തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.
അര്‍ദ്ധരാത്രി വരെ നീണ്ട പരിശോധനയില്‍ പനച്ചമൂട് അല്‍ അമീന്‍ ട്രേഡേഴ്‌സ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 101 ചാക്ക് (5,050 കിലോഗ്രാം) പുഴുക്കലരി, 25 ചാക്ക് (1,250 കിലോഗ്രാം) കുത്തരി, 55 ചാക്ക് (2,750 കിലോഗ്രാം) ഗോതമ്പ് എന്നിവയാണു സിവില്‍സപ്‌ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസര്‍ റിപ്പോര്‍ട്ട് സഹിതം വെള്ളറട പോലീസിനു കൈമാറി.
പനച്ചമൂട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എസ്എന്‍എസ് ഗ്രോസറി ട്രേഡിംഗ് എന്ന സ്ഥാപനത്തില്‍ റേഷന്‍ അരി അനധികൃതമായി സംഭരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കടമുറിയുടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയ നിലയിലായിരുന്നു. സ്ഥാപന ഉടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് കടമുറി തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ തയാറായില്ല.
തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശശിധരന്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് കടമുറിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ 142 ചാക്ക് പുഴുക്കലരി, 15 ചാക്ക് കുത്തരി, 8 ചാക്ക് ഗോതമ്പ് എന്നിവ ആവശ്യമായ രേഖകളില്ലാതെ സൂക്ഷിക്കുന്നതായി കണ്ടെത്തി. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന ചാക്കുകളില്‍ പലതും കാലിത്തീറ്റ, രാസവളം തുടങ്ങിയവയുടെ പഴയ ചാക്കുകളാണെന്നും കണ്ടെത്തി. ഇവിടെ നിന്നും 6750 രൂപയും കണ്ടെത്തി.
പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തുടര്‍സംരക്ഷണത്തിനായി അമരവിളയിലെ സപ്ലൈകോ എന്‍എഫ്എസ്എ ഗോഡൗണില്‍ സൂക്ഷിക്കാന്‍ കൈമാറി. അവശ്യസാധന നിയമം പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
റേഷനിങ് കണ്‍ട്രോളര്‍ സി.വി. മോഹന്‍കുമാര്‍, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ എ. സജാദ്, ജില്ലാ സപ്ലൈ ഓഫീസര്‍ സ്മിത എസ്.ആര്‍. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.