നിയന്ത്രിക്കാനാകാത്ത രക്തസമ്മർദം മുതൽ സങ്കീർണ ഹൃദ്രോഗങ്ങൾ വരെ ദേശീയ സമ്മേളനത്തിൽ ചർച്ചയാകും


കൊച്ചി: ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെ 33-ാമത് ദേശീയ സമ്മേളനമായ ഐസിസികോൺ 2026 സെപ്റ്റംബർ 11 മുതൽ 13 വരെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. നിയന്ത്രണാതീതമാവുന്ന ഉയർന്ന രക്തസമ്മർദം, ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കൽ, സങ്കീർണ ഹൃദയധമനി തടസ്സങ്ങൾ, ഹൃദയസ്തംഭനം, ഹൃദയവാൽവ് രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള പുതിയ ചികിത്സാരീതികൾ സമ്മേളനം ചർച്ച ചെയ്യും.

ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിലധികം പ്രമുഖ ഹൃദ്രോഗ വിദഗ്ധർക്കൊപ്പം ജർമനി, അമേരിക്ക, മലേഷ്യ, ശ്രീലങ്ക, ബ്രൂണൈ എന്നീ രാജ്യങ്ങളിലെ വിദഗ്ധരും പങ്കെടുക്കും.

സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 5.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി (ഐ.സി.സി.)യുടെ പെർമനന്റ് ഇൻവൈറ്റിയും ലോകസഭാ എം പിയുമായ ഡോ. സി. എൻ. മഞ്ജുനാഥ്; ഐ.സി.സി. ദേശീയ പ്രസിഡന്റ് ഡോ. കെ. എച്ച്. ശ്രീനിവാസ; പ്രസിഡന്റ് ഇലക്ടും സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. ജാബിർ. എ; ഐ.സി.സി. സെക്രട്ടറി ഡോ. സി. എം. നാഗേഷ്; ഓർഗനൈസിംഗ് ചെയർമാൻ ഡോ. കെ. സുരേഷ്; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. വിനോദ് തോമസ്; ഡോ. പി. കെ. അശോകൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും.

ഓരോ രോഗികൾക്കും അവരുടെ രോഗാവസ്ഥയും അപകടസാധ്യതയും ചികിത്സയോടുള്ള പ്രതികരണവും വിലയിരുത്തിയുള്ള വ്യക്തിഗത ഹൃദ്രോഗ ചികിത്സ യുടെ കാലഘട്ടമാണിതെന്ന് ഡോ.സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. ജാബിർ. എ പറഞ്ഞു. ഡോക്ടർമാരുടെ അനുഭവസമ്പത്തിനൊപ്പം പുതിയ ശാസ്ത്രീയ തെളിവുകളും മികച്ച ഇമേജിങ്ങും ആധുനിക ഉപകരണങ്ങളും ചികിത്സാരീതികളും ചേരുമ്പോൾ കൂടുതൽ കൃത്യമായ ചികിത്സ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

മരുന്നുകൾ കഴിച്ചിട്ടും രക്തസമ്മർദം നിയന്ത്രണത്തിലാകാത്ത രോഗികളുടെ ചികിത്സ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയമാണെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. കെ. സുരേഷ് പറഞ്ഞു. രക്തസമ്മർദം ഉയർന്നുനിൽക്കുന്നതിന്റെ അടിസ്ഥാന കാരണം കണ്ടെത്തുന്നതിനൊപ്പം പുതിയ മരുന്നുകളും അവശ്യമായാൽ കത്തീറ്റർ ഉപയോഗിച്ചുള്ള ചികിത്സയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സമ്മേളനം പരിശോധിക്കും. രക്തസമ്മർദം ഫലപ്രദമായി നിയന്ത്രിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവ തടയാൻ സുപ്രാധാനമാണ്, അദ്ദേഹം പറഞ്ഞു.

രക്തം കട്ടപിടിച്ച് ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുന്ന പൾമണറി എംബോളിസം അടിയന്തര ചികിത്സ ആവശ്യമായ രോഗാവസ്ഥയാണ്. ഇതിനായി രക്തക്കട്ട അലിയിക്കുന്ന മരുന്നുകൾ മുതൽ കത്തീറ്റർ ചികിത്സ വരെ ഇന്ന് ലഭ്യമാണ്. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ശരിയായ സമയത്ത് ശരിയായ ചികിത്സ തിരഞ്ഞെടുക്കുന്നതാണ് നിർണായകമെന്ന് ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ് പറഞ്ഞു.

ഹൃദ്രോഗ ചികിത്സ ഒരേസമയം വിവിധ മേഖലകളിൽ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സങ്കീർണമായ ഹൃദയധമനി തടസ്സങ്ങൾക്കുള്ള മെച്ചപ്പെട്ട ചികിത്സ, ഹൃദയവാൽവ് മാറ്റിവയ്ക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ, ഹൃദയമിടിപ്പിലെ തകരാറുകൾക്കുള്ള കൂടുതൽ കൃത്യമായ ചികിത്സ, രോഗം നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവ ഇതിന്റെ ഭാഗമാണ്, ഡോ. വിനോദ് തോമസ് പറഞ്ഞു.

സമാന്തരമായി നടക്കുന്ന ശാസ്‌ത്ര സെഷനുകളിൽ ഉയർന്ന രക്തസമ്മർദം, ഹൃദയസ്തംഭനം, ഹൃദയാഘാതം, സങ്കീർണ കൊറോണറി ചികിത്സ, ആധുനിക കാർഡിയാക് ഇമേജിങ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. പൂർണമായി അടഞ്ഞതും കാൽസ്യം അടിഞ്ഞുകൂടിയതുമായ ഹൃദയധമനികളിലെ സങ്കീർണ ആൻജിയോപ്ലാസ്റ്റി, ഡ്രഗ് കോട്ടഡ് ബലൂൺ ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങിയവയും വിദഗ്ധർ വിലയിരുത്തും.

പൾമണറി എംബോളിസം, ഹൃദയവാൽവ് രോഗങ്ങൾ, ഹൃദയമിടിപ്പിലെ തകരാറുകൾ, പ്രതിരോധ ഹൃദ്രോഗ ചികിത്സ, ഹൃദയസ്തംഭനത്തിലെ പുതിയ ചികിത്സകൾ, നാനോടെക്നോളജി എന്നിവയ്ക്കായി പ്രത്യേക സെഷനുകളുണ്ടാകും. ഇ.സി.ജി., എക്കോകാർഡിയോഗ്രാഫി, കാർഡിയാക് എം.ആർ.ഐ., സി.ടി., മൾട്ടിമോഡാലിറ്റി ഇമേജിങ് എന്നിവയ്ക്കൊപ്പം ഡോക്ടർമാർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും പ്രത്യേക പരിശീലന പരിപാടിയുണ്ടാകും.

സങ്കീർണവും അപൂർവവുമായ രോഗാവസ്ഥകൾ വിദഗ്ധർക്കു മുന്നിൽ അവതരിപ്പിച്ച് ചികിത്സാ തീരുമാനങ്ങൾ വിലയിരുത്തുന്ന കേസ് അധിഷ്ഠിത പഠനവും സമ്മേളനത്തിന്റെ പ്രധാന ഭാഗമായിരിക്കും. യഥാർഥ ചികിത്സാസാഹചര്യങ്ങളിലെ വെല്ലുവിളികൾ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങളും വിദഗ്ധ ചർച്ചകളും മൂന്ന് ദിവസത്തെ സമ്മേളനത്തിൽ നടക്കും.