അതിനൂതന ശ്വാസകോശ മാറ്റിവെക്കൽ ചികിത്സ ചർച്ച ചെയ്ത് ശാസ്ത്ര സമ്മേളനം


കൊച്ചി: ശ്വാസകോശം, ഹൃദയം, ഹസ്തം അവയവമാറ്റ ചികിത്സയിലെ നടപടികളും പുതിയ മുന്നേറ്റങ്ങളും ചർച്ചചെയ്യുന്ന ശാസ്ത്രസമ്മേളനം കൊച്ചി ഐ.എം.എ. ഹൗസിൽ നടന്നു.

ഇടപ്പള്ളി എപെക്സ് പൾമണോളജി ക്ലിനിക്കിൽ ആരംഭിച്ച അഡ്വാൻസ്ഡ് ലങ് ഫെയിലിയർ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ച് ചെന്നൈ ഗ്ലെനീഗിൾസ് ഹെൽത്ത് സിറ്റിയിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി, തൊറാസിക് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗം ഡയറക്ടർ ഡോ. ഗോവിനി ബാലസുബ്രഹ്മണി സംസാരിച്ചു. വിശദമായ പരിശോധനയിൽ ആരംഭിച്ച് ശസ്ത്രക്രിയയ്ക്കുശേഷമുള്ള സുഖപ്രാപ്തിയും പുനരധിവാസവും വരെ നീളുന്ന ചികിത്സയുടെ ഒരു ഘട്ടം മാത്രമാണ് ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു.

നാനൂറ് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രോഗികളെ വിലയിരുത്തുന്നതും ശരിയായ ചികിത്സയിലേക്ക് നയിക്കുന്നതും സംബന്ധിച്ച ചർച്ചകൾക്ക് ലങ് ട്രാൻസ്‌പ്ലാന്റ് പൾമണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വിമി വർഗീസ് നേതൃത്വം നൽകി.

കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ചലനശേഷിയും സ്വയംപര്യാപ്തതയും വീണ്ടെടുക്കുന്നതിനുള്ള സാധ്യതകൾ പ്ലാസ്റ്റിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സെൽവ സീതാരാമൻ വിശദീകരിച്ചു.

സമ്മേളനത്തിൽ ഏപെക്സ് പൾമണോളജി ക്ലിനിക് മാനേജിങ് ഡയറക്ടറും കൺസൾട്ടന്റ് പൾമണോളജിസ്റ്റുമായ ഡോ. സുബിൻ അഹമ്മദ് ലങ് ഫെയിലിയർ ട്രീറ്റ്‌മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. ഗുരുതര ശ്വാസകോശ രോഗമുള്ളവർക്ക് യഥാസമയം വിദഗ്ധ പരിശോധനയും തുടർചികിത്സയിലേക്കുള്ള വ്യക്തമായ മാർഗനിർദേശവും ലഭിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

“വിശദമായ പരിശോധനകൾക്കുശേഷം മാത്രമാണ് ശ്വാസകോശം മാറ്റിവയ്ക്കൽ പരിഗണിക്കുന്നത്. രോഗികൾക്ക് ലഭ്യമായ ചികിത്സാമാർഗങ്ങൾ മനസ്സിലാക്കാനും ശരിയായ സമയത്ത് അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്,” ഡോ. സുബിൻ അഹമ്മദ് പറഞ്ഞു.

ഇടപ്പള്ളി കുന്നുംപുറത്തെ മാംസൺ പ്രൈമിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ശ്വാസകോശ രോഗങ്ങളുടെ പരിശോധനയും ചികിത്സയും ലഭ്യമാകും. ശ്വാസകോശ മാറ്റിവയ്ക്കൽ ചികിത്സയ്ക്കുള്ള വിലയിരുത്തലുൾപ്പെടെയുള്ള വിദഗ്ധ സേവനങ്ങളും ലഭിക്കും. ഫോർട്ടിസ് ഹെൽത്ത്‌കെയർ ശൃംഖലയുടെ ഭാഗമായ ഗ്ലെനീഗിൾസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഏപെക്സ് പൾമണോളജി ക്ലിനിക് ആരംഭിച്ചിട്ടുള്ളത്.

ഏപെക്സ് പൾമണോളജി ക്ലിനിക് ഓപ്പറേഷൻസ് ഡയറക്ടർ ഡോ. പത്മനാഭ ഷേണായി, ഡയറക്ടർമാരായ ഡോ. പരമേഷ് എ.ആർ., ഡോ. പ്രവീൺ വത്സലൻ, ഡോ. രാജേഷ് വി. എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.