ഹോർട്ടി കോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു

കാക്കനാട്: കാർഷിക മേഖലയെ ആധുനികവൽക്കരിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ കാക്കനാട്ട് നിർമ്മിച്ച സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകർക്ക് വിളവെടുപ്പിന് മുമ്പും ശേഷവും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുക എന്ന ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് സംയോജിത പാക്ക് ഹൗസ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. സംഭരണം, ഗ്രേഡിംഗ്, പാക്കേജിംഗ്, മൂല്യവർധന, കോൾഡ് സ്റ്റോറേജ്, കയറ്റുമതി, വിപണനം തുടങ്ങിയ മേഖലകളിൽ കർഷകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. കാർഷിക ഉൽപ്പന്നങ്ങളെ കൂടുതൽ മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റി മികച്ച വിപണികളുമായി ബന്ധിപ്പിക്കുന്നതിന് ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് കൃഷിവകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കുന്നതിന് ആധുനിക സംഭരണ, ഗ്രേഡിംഗ്, പാക്കേജിംഗ്, മൂല്യവർധന, കയറ്റുമതി സൗകര്യങ്ങൾ അനിവാര്യമാണ്. വിളവെടുപ്പ് സമയത്ത് വിലയിടിവ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോൾഡ് ചെയിൻ സംവിധാനങ്ങളും ആധുനിക പാക്കേജിംഗ് സൗകര്യങ്ങളും നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത കൃഷിരീതികളിൽ നിന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആധുനിക കൃഷിയിലേക്കാണ് കേരളം മുന്നേറുന്നത്. ഡ്രോണുകൾ, ഡാറ്റ അധിഷ്ഠിത കൃഷിരീതികൾ, കൃത്യതാ കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയിൽ പുതിയ മുന്നേറ്റം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ വിപണികൾ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രമുഖ കയറ്റുമതിക്കാരുമായി കർഷകരെ നേരിട്ട് ബന്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കിവരുന്നതായും മന്ത്രി പറഞ്ഞു.

*സുരക്ഷിത ഭക്ഷണം ഉറപ്പാക്കണം*

കൃഷിവകുപ്പിന്റെ വിവിധ ലാബുകളിൽ 1,258 ഇനം പച്ചക്കറികളിലും കാർഷിക ഭക്ഷ്യോൽപ്പന്നങ്ങളിലും നടത്തിയ പരിശോധനയിൽ 62 ഇനങ്ങളിൽ അനുവദനീയമായതിലും ഉയർന്ന തോതിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. പണം നൽകി വിഷം വാങ്ങുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. കീടനാശിനികളുടെ അമിത സാന്നിധ്യം ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന് ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ നഷ്ടപ്പെട്ട കാർഷിക സംസ്കാരം തിരിച്ചുപിടിക്കണം. പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുകയും അവരിൽ കാർഷിക അവബോധം സൃഷ്ടിക്കുകയും വേണം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ കതിര്‍ ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട്. കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും ഇത്തരത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അറിയിച്ചു.

*കർഷകർക്ക് കൂടുതൽ നഷ്ടപരിഹാരം*

കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളനാശ നഷ്ടപരിഹാര വിതരണം, വന്യജീവി സംഘർഷം ലഘൂകരിക്കൽ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വികസനം, എക്സോട്ടിക് ഫലവിളകളുടെ കൃഷി പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിവരികയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വിളനാശം സംഭവിക്കുന്ന കർഷകർക്ക് നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ ഇരട്ടി തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രധാന വിപണന കേന്ദ്രങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന സംയോജിത പാക്ക് ഹൗസ് ജില്ലയിലെ കർഷകർക്ക് വലിയ സഹായമാകുമെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സംഭരണ-വിപണന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യതകൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകരമാകും.

തൃക്കാക്കര എം.എൽ.എ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. കാർഷിക ഉൽപ്പന്നങ്ങൾ കൂടുതൽ സുരക്ഷിതമായും ഗുണമേന്മയോടെയും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പാക്ക് ഹൗസ് ഒരുക്കിയിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യം കുറച്ച് സുരക്ഷിത ഭക്ഷണം ജനങ്ങളിലെത്തിക്കുന്നതിന് ഓസോൺ വാഷ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുള്ളത് അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മൂല്യവർധന ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. വനിതാ കാർഷിക വർഷത്തിന്റെ ഭാഗമായി കാർഷിക മേഖലയിലേക്ക് സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉണ്ടാകണമെന്നും ഉമാ തോമസ് എം.എൽ.എ പ്രത്യാശിച്ചു.

സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ ഡയറക്ടർ ആശ എസ്. പദ്ധതി വിശദീകരിച്ചു. കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്ടർ ബീന ലളിത സാങ്കേതിക അവതരണം നടത്തി.

മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ സിന്ധു എസ്., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ക്ലീറ്റസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി, നഗരസഭ ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. അനിൽകുമാർ, ജില്ലാ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ആത്മ പ്രോജക്ട് ഡയറക്ടർ ഇന്ദു പി. നായർ, ഹോർട്ടികോർപ്പ് റീജണൽ മാനേജർ ജിതേഷ് സി.വി. എന്നിവർ സംസാരിച്ചു.