കൊച്ചി : ഒക്ടോബർ 15 മുതൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന യു പി ഐ ഇടപാടുകൾക്ക് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ , എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഡിഡി ബസാറിലെ എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ സംസ്ഥാന ട്രഷറർ എം എൻ ബാബു ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതിഷേധ ധർണയിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള 500 ഓളം വസ്ത്ര വ്യാപാരികൾ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. ഡി ജോൺസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബീന കണ്ണൻ ആമുഖ പ്രസംഗം നടത്തി. കൊച്ചി കോർപറേഷൻ കൗൺസിലർ ദീപ്തി മേരി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് ഇഞ്ചക്കുടി, ജില്ലാ സെക്രട്ടറി മേഴ്സി ജോർജ്ജ്, യൂത്ത് വിങ് പ്രസിഡണ്ട് സമീർ മൂപ്പൻ എന്നിവർ സംസാരിച്ചു.