തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 13 പേർ മരിച്ചു.
തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്.
പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയില്‍ 11ഉം കത്തിയതായാണ് സൂചന. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധനയും നടത്തുന്നു. കൂടുതല്‍ പരിശോധനയ്ക്കായി റോബോട്ടിനെയും എത്തിക്കും. ഫയർഫോഴ്സ് ആണ് റോബോട്ടിനെ എത്തിക്കുക.
ചെറിയ വഴിയായതിനാല്‍ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. സമീപത്തെ മതില്‍ തകർത്താണ് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പടക്ക നിർമാണ സ്ഥലത്ത് ഉച്ചക്ക് ഭക്ഷണം കൊടുത്തത് 40 പേർക്കെന്നാണ് വിവരം. ഇതില്‍ എത്ര പേർ ഓടി രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച്‌ വിവരം ഇല്ല. തുടർ സ്ഫോടനങ്ങള്‍ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുകയാണ്.
തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വെടിക്കെട്ടെ ലെെസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് ദുരന്തം. ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ കേട്ടതായാണ് റിപ്പോർട്ടുകള്‍. പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.

തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.13 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും നിരവധി തൊഴിലാളികള്‍ക്ക് ഗുരുതര പൊള്ളലേറ്റെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപകടത്തില്‍പ്പെട്ടവരെല്ലാം ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികളാണ്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണം. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്നു.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.