കൊച്ചി: വ്യാപക വേനൽ മഴ കിട്ടാൻ എതിർ ചുഴലി നീങ്ങണം , ചൂടിൽ നേരിയ കുറവ്
കേരളത്തിൽ വേനൽ മഴ ശക്തമാകാൻ ഇനിയും കാത്തിരിക്കണമെന്ന് മെറ്റ് ബീറ്റ് വാർത്താ കുറിപ്പിൽ പറയുന്നു. എതിർ ചുഴലി (Anti Cyclone) ദുർബലമായ ശേഷം മാത്രമേ എല്ലാ ജില്ലകളിലും വേനൽ മഴ ലഭിക്കാൻ സാധ്യതയുള്ളൂ. വരും ദിവസങ്ങളിൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ചൂടിന് അല്പം കുറവുണ്ടാകുമെങ്കിലും വ്യാപകമായ തോതിൽ വേനൽ മഴ ( Pre Monsoon Rain) ലഭിക്കാൻ ഏപ്രിൽ അവസാനം വരെ കാത്തിരിക്കണം.
കേരളത്തിൽ കടുത്ത ചൂടിനും മറ്റും കാരണമായത് കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ട അതിമർദ്ദ മേഖല ( Anti Cyclone) മൂലമായിരുന്നു. ഇത് കേരളത്തിൽ രൂപപ്പെടാനിരിക്കുന്ന വേനൽ മഴയുടെ മേഘങ്ങളെ അകറ്റി നിർത്തുകയും മഴ കുറയ്ക്കുകയും ആയിരുന്നു.
കൂടാതെ കേരളത്തിൽ, കടുത്ത ഉഷ്ണം മൂലം അനുഭവപ്പെടുന്ന താപനില (Feels Like Temperature ) 41 ഡിഗ്രി സെൽഷ്യസ് ന് മുകളിലാണ് ഉണ്ടായിരുന്നത്. രാത്രിയിലെ താപനിലയിലും സാധാരണയേക്കാൾ വർദ്ധനവ് ഉണ്ടായതോടെ അസ്വസ്ഥകരമായ അന്തരീക്ഷമാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൻ നിലനിൽക്കുന്നത്.
പുതിയ അന്തരീക്ഷ നിരീക്ഷണമനുസരിച്ച് ഇപ്പോഴും മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും മുകളിലായി എതിർ ചുഴലി (Anti Cyclone) തുടരുകയാണ്. ഇതു കാരണം കേരളത്തിൽ വ്യാപകമായ മഴ കിട്ടുന്നില്ല. മേഘങ്ങൾ കാണാമെങ്കിലും മഴ ലഭിക്കുന്നില്ല.
കേരളത്തിൻ്റെ സമീപത്തു കൂടെ ന്യൂനമർദ്ദ പാത്തി (Trough) കന്യാകുമാരി കടലിലേക്ക് കടന്നു പോകുന്നുണ്ടെങ്കിലും, ഒറ്റപ്പെട്ട മഴ തെക്കൻ ജില്ലകളിൽ ലഭിക്കുന്നു എന്നത് ഒഴിച്ചാൽ കാര്യമായ മഴ ലഭിക്കുന്നില്ല. 28ന് ശേഷം കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങും.
മെയ് ആദ്യ വാരവും മഴ ലഭിക്കും. മെയ് രണ്ടാം വാരം മുതൽ മഴ കൂടുതൽ വ്യാപകവും ശക്തവും ആകും.