കൊച്ചി: ഇന്ത്യന്‍ ജിയോടെക്‌നിക്കല്‍ സൊസൈറ്റി കൊച്ചി ചാപ്റ്ററിന്റെ പതിനെട്ടാമത് ചാര്‍ട്ടര്‍ ഡേ ആഘോഷവും ഫെലിസിറ്റേഷന്‍ സെറിമണിയും കലൂര്‍ ഐ എം എ ഹൗസില്‍ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്്തു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്‍ ദേശീയ പ്രസിഡന്റും സി വി സി സി ചെയര്‍മാനുമായ ചെറിയാന്‍ വര്‍ക്കി വിശിഷ്ടാതിഥിയായിരുന്നു. ഐ എസ് എസ് എം ജി ഇ ഏഷ്യ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ജിയോടെക്‌നിക്കല്‍ സൊസൈറ്റി ദേശീയ പ്രസിഡന്റ് ഡോ. അനില്‍ ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.

പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലപ്പോഴും സ്ഥലം, വെള്ളം എന്നിവയുടെ കുറവ് അനുഭവപ്പെടാറുണ്ട്. അതിനെ മറികടക്കുന്ന പരീക്ഷണങ്ങള്‍ നടക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

അറിവിനോടുള്ള ദാഹവും അച്ചടക്കവും എന്‍ജിനിയറിംഗ് രംഗത്ത് ഉയരാനുള്ള ആഗ്രഹവുമാണ് പുതിയ മേഖലകള്‍ നേടിയെടുക്കാന്‍ വഴിയൊരുക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ ചെറിയാന്‍ വര്‍ക്കി പറഞ്ഞു.

ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ കൂട്ടായി ചെയ്യാനാവുമെന്നും ഒറ്റയ്ക്ക് ചെയ്യാനാവാത്തവ പോലും ഒന്നിച്ച് പൂര്‍ത്തിയാക്കാനാവുമെന്നും ആദരവിനുള്ള മറുപടി പ്രസംഗത്തില്‍ ഡോ. അനില്‍ ജോസഫ് പറഞ്ഞു. തന്റെ നേട്ടം വഴികാട്ടിയവര്‍ക്കും പിന്തുണച്ചവര്‍ക്കും തന്നില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്കും സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ മനോജ് മാത്യു അധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി എ വി എസ് ചക്രവര്‍ത്തി, എ പി സിംഗ്, പാട്രന്‍ ഡോ. ബാബു ടി ജോസ്, ഡോ. മന്‍ദീപ് സുബേദി്, ബെന്നി മാത്യു, എം ഡി നായര്‍, എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ ജിയോടെക്‌നിക്കല്‍ സൊസൈറ്റി കൊച്ചി ചാപ്റ്ററിന്റെ പതിനെട്ടാമത് ചാര്‍ട്ടര്‍ ഡേ ആഘോഷവും ഫെലിസിറ്റേഷന്‍ സെറിമണിയും കലൂര്‍ ഐ എം എ ഹൗസില്‍ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു.