ന്യൂഡൽഹി: യുവജനങ്ങളിൽ നവീകരണ ചിന്തയും സാങ്കേതികവിദ്യാധിഷ്ഠിത സാമൂഹിക പരിഹാരങ്ങളും വളർത്തുന്നതിനായി സാംസങ് ഇന്ത്യ സംഘടിപ്പിക്കുന്ന 'സാംസങ് സോൾവ് ഫോർ ടുമോറോ' പദ്ധതിയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി രാജ്യത്തെ 135 നഗരങ്ങളിലായി 184 ഡിസൈൻ തിങ്കിംഗ് വർക്ക്‌ഷോപ്പുകൾ വിജയകരമായി പൂർത്തിയായി.
ജമ്മു-കശ്മീർ മുതൽ തമിഴ്നാട് വരെയും ഗുജറാത്ത് മുതൽ ത്രിപുര വരെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തു. മനുഷ്യകേന്ദ്രിത ഡിസൈൻ തിങ്കിംഗ് രീതികളിലൂടെ പ്രാദേശിക പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരങ്ങൾ കണ്ടെത്താനുള്ള പരിശീലനമാണ് പരിപാടിയിലൂടെ നൽകിയത്.
ഇപ്പോൾ പരിപാടി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. സമർപ്പിച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച 100 ടീമുകളെ തിരഞ്ഞെടുക്കും. തുടർന്ന് മെന്ററിംഗ്, വിദഗ്ധരുടെ മാർഗനിർദേശങ്ങൾ, വിലയിരുത്തൽ എന്നിവയ്ക്കുശേഷം മികച്ച നാല് ടീമുകൾക്ക് 2 കോടി രൂപയുടെ ഇൻക്യുബേഷൻ ഗ്രാന്റ്, FITT-IIT ഡൽഹിയുടെ മെന്ററിംഗും പ്രോട്ടോടൈപ്പ് വികസന പിന്തുണയും ലഭിക്കും.
സാംസങ് ഇന്ത്യയിൽ 30 വർഷം പൂർത്തിയാക്കുന്ന വേളയിൽ, രാജ്യത്തെ യുവജനങ്ങളിൽ സംരംഭകത്വവും നവീകരണ ചിന്തയും വളർത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി കൂടുതൽ വിപുലീകരിച്ചിരിക്കുന്നത്.