കൊച്ചി: അന്താരാഷ്ട്ര യോഗ മത്സരത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ജന്മനാട്ടിൽ തിരിച്ചെത്തിയ തണൽപരിവാർ കുടുംബാംഗം വൈഗ രാജേഷിന് തണൽപരിവാർ സംസ്ഥാന കമ്മിറ്റി ഊഷ്മള സ്വീകരണം നൽകി. നേപ്പാളിലെ പോക്കറയിൽ
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ലോക യോഗാസന ഒളിമ്പ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലെ കീഴില്ലം പണിക്കരമ്പലം മുണ്ടൻ പാലത്തിങ്കൽ എം ഡി രാജേഷിന്റെയും തണൽപരിവാർ സംസ്ഥാന ട്രഷറർ രജനി രാജേഷിന്റെയും ഇളയമകൾ വൈകാ രാജേഷ് ലോക യോഗാസന കിരീടം സ്വന്തമാക്കിയത്.

നേരത്തെ ബാംഗ്ലൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാൻ യോഗ്യത നേടിയത്. ലോക യോഗാസന ചാമ്പ്യൻഷിപ്പ് സ്വർണ്ണത്തിളക്കത്തോടെ മലയാളക്കരക്ക് സമ്മാനിച്ച ഈ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കരാട്ടെ പരിശീലനത്തിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്.
കായിക മേഖലയിൽ എന്നപോലെ കലാരംഗത്തും തണൽപരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെൻറർ ജീവകാരുണ്യ പ്രവർത്തനത്തിലും സജീവ സാന്നിധ്യമാണ് വൈഗ മോൾ.

ജന്മനാട്ടിൽ എത്തിയ വൈഗ മോൾക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. തണൽ പരിവാർ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ പൂച്ചെണ്ടുകളും പുഷ്പഹാരവും നൽകി സ്വീകരിച്ചു.
കേരള യൂണിവേഴ്സിറ്റി അക്കാഡമി കൗൺസിൽ മെമ്പർ ഡോക്ടർ ജെ എസ് ജഹാംഗീർ, തണൽ പരിവാർ ഭാരവാഹികളായ സുമദേവി പി ഇ
ലിമി മാത്യു
സീന ബൈജു
എം കെ നിഷ
സീനത്ത് എം യു എന്നിവർ പങ്കെടുത്തു.