കൊച്ചി: കർക്കിടക മാസം മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു മഴക്കാലം മാത്രമല്ല, ആരോഗ്യസംരക്ഷണത്തിന്റെയും ജീവിതശൈലി നവീകരണത്തിന്റെയും കാലഘട്ടം കൂടിയാണ്. പ്രകൃതി പുതുജീവനിലേക്ക് ഉണരുന്ന ഈ വേളയിൽ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണക്രമങ്ങളും ആരോഗ്യശീലങ്ങളും പിന്തുടരുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന 'പത്തില കർക്കിടക ഫെസ്റ്റ് 2026' എറണാകുളം കളക്ട്രേറ്റ് കോമ്പൗണ്ടിൽ ആരംഭിച്ചത്.

മേളയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ന് എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. നിർവഹിച്ചു. ആഗസ്റ്റ് 3 മുതൽ 7 വരെ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെ മേള പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിക്കും.

കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന വൈവിധ്യമാർന്ന കർക്കിടക ഭക്ഷ്യവിഭവങ്ങൾ, ഔഷധഗുണമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഞവരയരി, വിവിധതരം സുഗന്ധവ്യഞ്ജനങ്ങൾ, നാടൻ ഔഷധസസ്യങ്ങളുടെ വേരുകൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന മരുന്നുകഞ്ഞി ഉൾപ്പെടെ നിരവധി പരമ്പരാഗത കർക്കിടക വിഭവങ്ങൾ മേളയിൽ ലഭ്യമാണ്.

കർക്കിടക കഞ്ഞിക്കൂട്ട്, ഔഷധപാനീയങ്ങൾ, വിവിധ നാടൻ പലഹാരങ്ങൾ, ആരോഗ്യ സംരക്ഷണത്തിന് സഹായകമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയും മേളയുടെ പ്രത്യേക ആകർഷണങ്ങളാണ്. കർക്കിടക മാസവുമായി ബന്ധപ്പെട്ട തനത് ഭക്ഷ്യവിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. എം. റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ. സി. അനുമോൾ, കെ. ആർ. രജിത, ജില്ലാ പ്രോഗ്രാം മാനേജർ സൈത്തു മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കർക്കിടകത്തിന്റെ തനത് രുചികളും ആരോഗ്യപരമായ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഒരേ വേദിയിൽ പരിചയപ്പെടാനും സ്വന്തമാക്കാനും അവസരമൊരുക്കുന്ന മേള ആഗസ്റ്റ് 7 വരെ തുടരും.