• ഇന്ത്യന്‍ ബിസിനസ്സുകള്‍ക്ക് വന്‍ അവസരങ്ങള്‍

മസ്‌ക്കത്ത്: ഒമാനിലെ ലോജിസ്റ്റിക്സ് അവസരങ്ങളെക്കുറിച്ച് ഇന്‍മെക് വെബിനാര്‍ സംഘടിപ്പിച്ചു. ജി സി സി മേഖലയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി ഒമാന്‍ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ ബിസിനസ്സുകള്‍ക്ക് വന്‍ സാധ്യതകളാണ് തുറന്നുകിടക്കുന്നതെന്നും ഒമാനിലെ ഇന്ത്യയുടെ അംബാസഡര്‍ ജി വി ശ്രീനിവാസ് പറഞ്ഞു.

ജി സി സി രാജ്യങ്ങളിലെ ലോജിസ്റ്റിക്സ് അവസരങ്ങള്‍ ഒമാന്‍ വഴിയായി എന്ന വിഷയത്തില്‍ ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഇന്‍മെക്), ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധം വ്യാപാരം, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, നിര്‍മ്മാണം, നിക്ഷേപം എന്നീ മേഖലകളില്‍ കൂടുതല്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ഗണ്യമായി വര്‍ധിപ്പിക്കുകയും ബിസിനസ് നടത്തിപ്പ് എളുപ്പമാക്കുകയും അതിര്‍ത്തി കടന്നുള്ള നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യും.

വെബിനാറില്‍ ഇന്ത്യയിലും ജി സി സി മേഖലയിലുമുള്ള ബിസിനസ് നേതാക്കളും ലോജിസ്റ്റിക്സ് കമ്പനികളും കയറ്റുമതിക്കാരും നിക്ഷേപകരും സംരംഭകരും ഉള്‍പ്പെടെ വലിയ പങ്കാളിത്തം രേഖപ്പെടുത്തി. ഒമാനിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ തവിഷി പാണ്ഡേയും പരിപാടിയില്‍
പങ്കെടുത്തു.

എസ് ഐ ജി ഒമാന്‍ സ്ഥാപകനും സി ഇ ഒയും ഇക്കണോമിസ്റ്റും സ്ട്രാറ്റജിക്ക് അഡൈ്വസറുമായ ഡോ. യൂസഫ് ഹമദ് അല്‍ ബലുഷി മുഖ്യപ്രഭാഷണം നടത്തി. ഒമാന്‍ വിഷന്‍ 2040, ലോജിസ്റ്റിക്സ് മേഖലയില്‍ നടക്കുന്ന പരിഷ്‌കാരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, തുറമുഖങ്ങള്‍, നിര്‍മ്മാണം, റീ-എക്സ്പോര്‍ട്ട് ബിസിനസ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

നിലവിലെ ആഗോള സാഹചര്യങ്ങള്‍ ഒമാനില്‍ ബിസിനസ് സ്ഥാപിക്കാനും നിക്ഷേപം നടത്താനും വളരെ അനുകൂലമാണെന്ന് ഇന്‍മെക് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍ പറഞ്ഞു. ഇന്‍മെക് സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ഇന്‍മെക് ഡയറക്ടര്‍ ഡോ. ഡേവിസ് കല്ലുകാരന്‍ ഒമാന്റെ സ്ട്രാറ്റജിക് ലോജിസ്റ്റിക്സ് കേന്ദ്രമായ ഉയര്‍ച്ചയെക്കുറിച്ച് വിശദീകരിച്ചു.

ഇന്‍മെക് വൈസ് ചെയര്‍മാന്‍ ഡോ. ജെയിംസ് മാത്യുവും ജനറല്‍ മാനേജര്‍ ജോര്‍ജ് ഫിലിപ്പ് കെയും പരിപാടിയില്‍ പ്രസംഗിച്ചു.

ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- നിക്ഷേപ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉടന്‍ ഒമാനിലേക്ക് ഒരു ബിസിനസ് പ്രതിനിധി സംഘം സംഘടിപ്പിക്കുമെന്ന് ഇന്‍മെക് അറിയിച്ചു.