കോട്ടയം : മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് യാത്രക്കാരെ വെറും സേവനം സ്വീകരിക്കുന്നവരായി കാണാതെ സ്ഥാപനത്തിന്റെ നിലനിൽപ്പിന് ആധാരമായ മാന്യരായ ഉപഭോക്താക്കളായി കണ്ട് അവർക്ക് അർഹമായ പരിഗണനയും ബഹുമാനവും നൽകാൻ കെ.എസ്.ആർ.റ്റി.സി. ജീവനക്കാർ സന്നദ്ധരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

ഓരോ യാത്രക്കാരനും നൽകുന്ന മികച്ച യാത്രാനുഭവമാണ് സ്ഥാപനത്തിന്റെ ബ്രാന്റ് മൂല്യം ഉയർത്തുന്നത്. ബസുകളുടെ സമയനിഷ്ഠക്കൊപ്പം ജീവനക്കാരുടെ വിനയവും സേവനസന്നദ്ധതയും പൊതുജനങ്ങളെ കെ.എസ്.ആർ.റ്റി.സി. സേവനങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഗതാഗത സംവിധാനങ്ങൾ പൊതുജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിലെ ജീവനക്കാരുടെ പെരുമാറ്റം സേവനത്തിന്റെ ഗുണനിലവാരം നിർണയിക്കും. യാത്രക്കാരിൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും സഹായങ്ങൾ നൽകാൻ ജീവനക്കാർ തയ്യാറാവണം. ബസിൽ കയറാനും ഇറങ്ങാനും മതിയായ സമയം അനുവദിക്കണം. യാത്രക്കാരുടെ അന്വേഷണങ്ങൾക്ക് വ്യക്തമായ മറുപടി നൽകണം. യാത്രക്കാരോട് വിനീതമായും മാന്യമായും പെരുമാറുകയെന്നത് ഒരു തൊഴിൽ ഉത്തരവാദിത്വം മാത്രമല്ല മനുഷ്യാവകാശപരമായ ഒരു കടമ കൂടിയാണെന്ന് കമ്മീഷൻ ഓർമ്മിപ്പിച്ചു. ഭിന്നശേഷിക്കാർ, വയോധികർ, രോഗികൾ എന്നിവർക്കുണ്ടാകുന്ന ചെറിയ അവഗണന പോലും വലിയ മാനസികബുദ്ധിമുട്ടുകൾക്ക് കാരണമാവുമെന്ന് കെ. ബൈജുനാഥ് ചൂണ്ടിക്കാട്ടി.മുൻകാലങ്ങളെ അപേക്ഷിച്ച് കെ.എസ്.ആർ.റ്റി.സി. ജീവനക്കാരുടെ ഭാഗത്ത് മാറ്റങ്ങൾ പ്രകടമാണെന്നും ഉത്തരവിൽ പറഞ്ഞു. ഒരപകടത്തെ തുടർന്ന് ശാരീരിക വൈകല്യം നേരിടുന്ന കട്ടച്ചിറ സ്വദേശി കെ. വി. അനൂപിനോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. 2023 സെപ്റ്റംബർ 8 ന് ഏറ്റുമാനൂരിൽ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പിൽ കയറിയപ്പോൾ കട്ടച്ചിറപള്ളി ജംഗ്ഷനിൽ ബസ് നിർത്തിയില്ലെന്നതാണ് തർക്കത്തിന് കാരണമായത്. പോലീസും കെ.എസ്.ആർ.റ്റി.സി. യും നടപടിയെടുക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.