കൊച്ചി: ലോകത്തിലെ മുന്‍നിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ആയ സെയില്‍സ്‌ഫോഴ്സ് 2030ഓടെ ഇന്ത്യയില്‍ 10 ലക്ഷം പഠിതാക്കളെ എഐ കേന്ദ്രീകൃത നൈപുണ്യങ്ങളാല്‍ സജ്ജരാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. സെയില്‍സ്‌ഫോഴ്സ് ഇന്ത്യയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.
ഡിജിറ്റല്‍ സാക്ഷരതയ്ക്കപ്പുറം, ഭാവിയിലെ തൊഴിലവസരങ്ങള്‍ക്കായി ഇന്ത്യയുടെ തൊഴില്‍ശേഷിയെ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സെയില്‍സ്‌ഫോഴ്സിന്റെ സൗജന്യ ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോമായ ട്രെയില്‍ഹെഡിനെ പ്രയോജനപ്പെടുത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ രംഗത്തെ പ്രമുഖര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ ഒരുമിപ്പിക്കുന്ന വിവിധ തന്ത്രപ്രധാന പരിപാടികളിലൂടെയാണ് ഈ സംരംഭം നടപ്പാക്കുന്നത്.