നെടുമ്പാശേരി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യഘട്ട ദക്ഷിണമേഖലാ ശില്‍പശാലയ്ക്ക് തുടക്കമായി. രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെയും അയല്‍ക്കൂട്ട അംഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് പുതിയ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്‍പശാല.
എന്‍.എം.എം.യു നാഷണല്‍ മിഷന്‍ മാനേജര്‍ ഡോ.ജൂയി ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കേരളം, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ മികച്ച പ്രവര്‍ത്തന മാതൃകകള്‍ അവതരിപ്പിച്ചു. സാമൂഹ്യാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ പങ്കു വച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍മാര്‍, നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് ലൈവിലിഹുഡ് മിഷന്‍ പ്രതിനിധികള്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാര്‍,ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ യു സ്വാഗതം പറഞ്ഞു. നാഷണല്‍ പ്രോഗ്രാം മാനേജര്‍മാരായ മെഹമൂദ് ഹസന്‍(കേരളം), പങ്കജ് സുയാല്‍(ആന്ധ്ര പ്രദേശ്), പ്രേമ ജയിന്‍(കര്‍ണാടക), നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാരായ രാജേന്ദ്ര പ്രസാദ്, ഗിരിഷ് ചന്ദ്ര, അംജത് ഖാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം എന്നിവര്‍ പങ്കെടുത്തു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ അങ്കമാലി ഹോട്ടല്‍ സാജ് റിസോറ്ട്ട്സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ആഗസ്റ്റ് ഒന്നു വരെയാണ് ശില്‍പശാല.