കൊച്ചി: രാമമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് മാതൃകാ പഠനകേന്ദ്രമായ ‘ഇമ്മെർഷൻ സൈറ്റ്’ ആയി ഉയരുന്നു. ഇതിന്റെ ഭാഗമായി എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 6 മുതൽ 14 വരെ നടത്തിയ ആദ്യഘട്ട ഇമ്മെർഷൻ സൈറ്റ് പദ്ധതി പരിശീലനവും ബേസ്‌ലൈൻ അസസ്മെന്റും പൂർത്തിയായി.
കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനമായ അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിവയുടെ പ്രവർത്തനങ്ങൾ എൻ.ആർ.എൽ.എം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്. സംഘടനാ പ്രവർത്തനങ്ങൾ, ഭരണസംവിധാനം, ഉപജീവന പ്രവർത്തനങ്ങൾ, ജെ.എൽ.ജി, സ്ത്രീശാക്തീകരണം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളും പരിശോധനയ്ക്ക് വിധേയമാക്കി. നിലവിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യും.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന ഇമ്മെർഷൻ സൈറ്റ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
സംസ്ഥാന കുടുംബശ്രീ മിഷൻ നിയോഗിച്ച സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ അമ്പിളി വിനീഷ്, ഷിബി ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ, അയൽക്കൂട്ടങ്ങളിലെ ഭാരവാഹികൾ,
ഐബിസിബി ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ. അരുൺ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ജിനു രാജ് എന്നിവർ പങ്കെടുത്തു .