കൊച്ചി: സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാധാകൃഷ്ണൻ നിർവഹിച്ചു.
പ്രേരക്മാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുല്യത രജിസ്ട്രേഷൻ ശക്തിപ്പെടുത്തുന്നതിനുമായി സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. സസൂർണ്ണ സാക്ഷരത യജ്ഞം നടക്കുന്ന സമയത്ത് വെളിച്ചവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്ന വിദൂര മേഖലകളിൽ പോലും സന്നദ്ധ പ്രവർത്തകർ നടന്നുചെന്നാണ് ആളുകളെ അക്ഷരം പഠിപ്പിച്ചിരുന്നത്.
സമ്പൂർണ്ണ സാക്ഷരതാ നേടിയ ആദ്യ ജില്ല എറണാകുളമാണെന്നത് അഭിമാനകരമാണെന്നും സംസ്ഥാനം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കാൻ ജില്ലയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സാക്ഷരതാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പരിപാടി
സംഘടിപ്പിച്ചത്. അഞ്ച് വർഷം കൂടുതൽ തുല്യത രജിസ്ട്രേഷൻ നടത്തിയ പ്രേരക് ആലുവ നഗരസഭ എം വി വിലാസിനിയെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു.

ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിൽ 79 പേരാണ് വിജയിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം വിവേക് ഹരിദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജോ പറമ്പി, അംഗങ്ങളായ ബിന്ദു ജോർജ്, അനിത പള്ളത്ത്,
അഹല്യ സദാനന്ദൻ , സെക്രട്ടറി ഡിമ്പിൾ മാഗി, എൽ എസ് ജി ഡി അസി. ഡയറക്ടർ ഗൗതമൻ ഡി സത്യപാൽ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സജി തോമസ്, അസി.കോർഡിനേറ്റർ കൊച്ചു റാണി മാത്യു, ഗുഡ് ഇംഗ്ലീഷ് അധ്യാപകൻ മനോഷ്, പ്രേരക്മാർ , പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.