കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾ ദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ ജിവിതത്തെ സാരമായി ബാധിച്ചിരിക്കുന്നതായി എൻ സി പി (എസ് പി ) ലക്ഷദ്വീപ് ഘടകം ആരോപിച്ചു. പ്രഫുൽ ഗോഡ പട്ടേൽ ലക്ഷദ്വീപിന്റെ അഡ്‌മിനി‌സ്ട്രേറ്ററായി ചാർജ് എറ്റെടുത്തതിന് ശേഷം ദ്വീപിന്റെ സാമൂഹിക, സാംസ്ക്കാരിക, ഭൂമിശാസ്ത്ര പരമായ ഘടനയെ പോലും പരിഗണിക്കാതെ നിരന്തരം വിവാധ പരമായ ഉത്തരവുകൾ ഇറക്കിക്കൊണ്ടിരിക്കയാണ്. ലക്ഷദ്വീപ് അഡീഷണൽ മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ലക്ഷദ്വീപിലെ സ്വകാര്യ, പണ്ടാരം ഭൂമികൾക്ക് അനുവദിച്ചിരുന്ന ഡൈവർഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുവാൻ ദ്വീപ് ഭരണകൂടം തിരുമാനിച്ചിരിക്കുകയാണ്. ഈ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തികൊണ്ട് വിവിധ ദ്വീപുകളിൽ നിർമാണ പ്രവർത്തനം നടന്നു കോണ്ടിരിക്കുന്ന കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ വിതരണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഈ തെറ്റായ പ്രവർത്തനത്തിലൂടെ ദ്വീപുകളിൽ സ്‌ഥിര താമസക്കാരായവർക്ക് അവരുടെ കിടപ്പാടം നഷ്ട‌പ്പെടുന്ന അവസ്‌ഥ വിശേഷത്തിലൂടെയാണ് ദ്വിപ് ജനത കടന്ന് പോയികോണ്ടിരിക്കുന്നത്. ഈ വിഷയത്തെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് രാഷ്ട്രീയപരമായും, നിയമപരമായും പോരാട്ടം നയിക്കുവാനാണ് എൻസിപി(എസ് പി) ലക്ഷദ്വീപ് ഘടകം തിരുമാനിച്ചിരിക്കുന്നത്. ഈ വിവാധ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എൻസിപി(എസ് പി ) വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ദ്വീപുകളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച അമിനി ദ്വീപിൽ എസ് ഡി ഒ ഓഫീസിലേക്ക് എൻസിപി (എസ്പി) യുടെയും, യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത 22 ഓളം പ്രവർത്തകരെ കള്ള കേസിൽ കുടുക്കി ലക്ഷദ്വീപ് പോലീസ് ജയിലിൽ അടച്ചിരിക്കുകയാണ്. ഈ ജനാധിപത്യ വിരുദ്ധ നിലപാടിൽ
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ദ്വീപ് ഭരണകൂടം കൈക്കൊള്ളുന്ന ജനവിരുദ്ധ നിലപാടിൽ ലക്ഷദ്വീപിന്റെ ഏക ജനപ്രതിനിധി ലക്ഷദ്വീപിൻ്റ എം.പി തുടരുന്ന മൗനം തികച്ചും ദുരൂഹമാണെന്നും മൗനം വെടിഞ്ഞ് ദ്വീപ് ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുവാൻ ലക്ഷദ്വീപിന്റെ എംപി അഡ്വ. ഹംദുല്ല സെയ്ദ് തയ്യാറാവണമെന്ന് ലക്ഷദ്വീപ് ഘടകം എൻസിപി (എസ് പി ) ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ജബ്ബാർ പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു.