കൊച്ചി: ദേശീയ തലത്തിൽ ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ് ) പരിപാടിയുടെ എറണാകുളം ജില്ലാതല പരിശീലന പരിപാടിക്കു തുടക്കം.
കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ കളക്ടറും പ്രിൻസിപ്പൽ സെൻസസ് ചാർജ് ഓഫീസറുമായ ജി. പ്രിയങ്ക സെൻസസ് ചാർജ് ഓഫീസർമാർക്കുള്ള ത്രിദിന പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.

2011 ലാണ് രാജ്യത്ത് ഒടുവിൽ സെൻസസ് നടന്നത്. കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള കാരണങ്ങളാൽ വൈകി 16 വർഷത്തിന് ശേഷമാണ് ഈ വർഷം ആരംഭിച്ച് 2027 ആദ്യം അവസാനിക്കുന്ന വിധത്തിൽ സെൻസസ് പ്രകിയ വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത ജൂലൈയിൽ വീടുകളുടെ കണക്കെടുപ്പോടെ ഫീൽഡ് തല പ്രവർത്തനങ്ങൾ ആരംഭിക്കും. മുൻ സെൻസസ് നടപടികളെ അപേക്ഷിച്ച് ഇക്കുറി കണക്കെടുപ്പ് പ്രവർത്തനങ്ങൾ മൊബൈൽ ഡിജിറ്റൽ പ്ളാറ്റ് ഫോമിലായിരിക്കുമെന്നത് നടപടികൾ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പൊതു ജനങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സ്വയം വിവരങ്ങൾ നൽകാൻ സാധിക്കും.
ഇക്കാര്യത്തിൽ എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണവും പിന്തുണയും ആവശ്യമാണെന്ന് കളക്ടർ പറഞ്ഞു.